‘പണി’ സിനിമയിലെ റേപ്പ് സീനിനെതിരെ കുറിപ്പ് പങ്കുവച്ച റിവ്യൂവറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ജോജു ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനം. ചുരുളിയിലെ തങ്കന്‍ ചേട്ടന്‍ ആവണ്ട, ആ കഥാപാത്രം കൈയ്യില്‍ വച്ചിരുന്നാല്‍ മതി എന്നാണ് സോഷ്യല്‍ മീഡിയ ജോജുവിനോട് പറയുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ ‘ചുരുളി’ എന്ന ചിത്രത്തിലെ ജോജുവിന്റെ കഥാപാത്രമാണ് തങ്കന്‍ ചേട്ടന്‍. ചിത്രത്തിലെ ജോജുവിന്റെ തെറിവിളികള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
കോടികളുടെ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിനെതിരെ കുറിപ്പ് എഴുതിയ തന്നെ നേരില്‍ കാണണമെന്നും മുന്നില്‍ നില്‍ക്കാന്‍ ധൈര്യം ഉണ്ടോയെന്നും ജോജു ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ റിവ്യൂവറായ ആദര്‍ശ് എച്ച്എസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ‘കൊച്ചെര്‍ക്കാ, ഞാന്‍ പ്രകോപിതനായാല്‍ നീ മുള്ളിപ്പോകും’ എന്ന് ജോജു പറഞ്ഞിരുന്നു. ഇതോടെയാണ് ജോജുവിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്.
ആദര്‍ശിന്റെ പോസ്റ്റ്
Rape എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയില്‍ അത് ചിത്രീകരിക്കുമ്പോള്‍ അതിലേറെ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. എന്നാല്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയില്‍ rape സീന്‍ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ objectify ചെയ്യും വിധവുമാണ്. എങ്ങനെയാണ് rape ചിത്രീകരിക്കേണ്ടത്? അത് കാണുന്ന പ്രേക്ഷകനില്‍ ആ കുറ്റകൃത്യത്തിന്റെ തീവ്രത ബോധ്യപ്പെടും വിധമാകണം. കാണുന്ന വ്യക്തിക്ക് empathy തോന്നേണ്ടത് ആ rape ചെയ്യപ്പെട്ട വ്യക്തിയോടായിരിക്കണം. പക്ഷേ പണിയില്‍ അത് പഴയ കാല ബി ഗ്രേഡ് സിനിമകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ചെയ്ത് വച്ചിരിക്കുന്നത്. The Rapist പോലെയുള്ള ചിത്രങ്ങള്‍ reference ആയി സ്വീകരിച്ചാല്‍ എങ്ങനെയാണ് rape portray ചെയ്യേണ്ടത് എന്നതില്‍ വ്യക്തത ലഭിക്കുന്നതാണ്.
ഇനി സിനിമയിലേക്ക് വന്നാല്‍, പഴയ ഷാജി കൈലാസ് മാസ്സ് പടങ്ങളുടെ മാതൃകയിലെടുക്കണോ അതോ അങ്കമാലി ഡയറീസില്‍ ലിജോ സ്വീകരിച്ചത് പോലെയൊരു സമീപനം വേണമോയെന്ന ആശയക്കുഴപ്പം ഉടനീളം പ്രകടമാണ്. ഒടുവില്‍ രണ്ടുമല്ലാത്ത ഒരു അവിഞ്ഞ പരുവത്തിലാണ് സിനിമ പുറത്തു വരുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നില്കുന്ന ആര്‍ട്ടിഫിഷ്യല്‍ ആയ കഥപറച്ചില്‍ രീതിയാണ് മറ്റൊരു പ്രശ്‌നം. മേക്കിങ് ക്വാളിറ്റിയിലും ഇതേ പ്രശ്‌നം കാണാം.കഥ നടക്കുന്നത് തൃശൂരാണെന്ന് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടാണ് ആദ്യം മുതല്‍.
ചിലയിടങ്ങിളിലൊക്കെ മമ്മൂട്ടിയുടെ ബ്‌ളാക്ക് സിനിമയുടെ മാതൃകകള്‍ സൃഷ്ടിക്കാനുള്ള ശ്രമവും കാണാം. സിനിമയിലെ ആകെ engaging കഥാപാത്രങ്ങള്‍ സാഗറും ജുനൈസും ചെയ്ത വില്ലന്‍ വേഷമാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ വഴിയേ പോകുന്ന സീമ വരെ പിള്ളേരുടെ കൈ ചവിട്ടിയോടിക്കുന്നത് അത് വരെ build ചെയ്ത് വന്ന ആ കഥാപാത്രങ്ങളുടെ attitude നശിപ്പിക്കുന്നുണ്ട്. ജോജു ഉടനീളം ഒരു കാറുമെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും തെക്ക് വടക്ക് പറപ്പിക്കുന്നുണ്ട്. പോക്ക് കണ്ടാല്‍ ഇപ്പോള്‍ മലമറിക്കുമെന്ന് തോന്നുമെങ്കിലും വില്ലന്മാര്‍ കൊന്ന് തള്ളുന്നവരെ പെറുക്കി ആശുപത്രിയില്‍ കൊണ്ട് പോവുക എന്ന ആംബുലന്‍സ് ഡ്രൈവറുടെ പണി മാത്രമാണ് അയാള്‍ക്കുള്ളത്.
അഭിനയത്തിലും പഴയ സിനിമകളുടെ അതേ മാതൃകയാണ് ജോജു. ആകെയുള്ളൊരു ആശ്വാസം ജോജുവിന്റെ ഒപ്പം നടന്ന് അഭിനയിച്ചു വെറുപ്പിക്കുന്നവരെയൊക്കെ വില്ലന്മാര്‍ കൃത്യമായ ഇടവേളകില്‍ കൊന്ന് ശല്യം തീര്‍ത്തു തരുന്നു എന്നുള്ളത് മാത്രമാണ്.ഈ സിനിമാ All Kerala Pensioners Goonda Association അംഗങ്ങള്‍ക്ക് ഫ്രീ ടിക്കറ്റ് നല്‍കി കാണിക്കണം. തങ്ങള്‍ ചെയ്തിരുന്ന തൊഴില്‍ എത്ര ബോറ് ആയിരുന്നു എന്ന് അവര്‍ക്ക് ശിഷ്ടകാലം പശ്ചാത്താപം തോന്നി എരിഞ്ഞു ജീവിക്കണം. ആദര്‍ശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ പോസ്റ്റിനൊപ്പം ജോജുവിന്റെ ഭീഷണി കോളിന്റെ വിവരങ്ങള്‍ കൂടി പങ്കുവെച്ചിട്ടുണ്ട്.