ബി.ജെ.പി ഭരണത്തെ വിമര്‍ശിച്ചു; മധുപാലിനെ 'കൊന്ന്' സോഷ്യല്‍ മീഡിയ

നടനും സംവിധായകനുമായ മധുപാല്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. ബിജെപി അധികാരത്തിലെത്തിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് മധുപാല്‍ പറഞ്ഞതായുള്ള വ്യാജപ്രചാരണങ്ങള്‍ തലപൊക്കിയതിനു പിന്നാലെയാണ് മരിച്ചെന്ന വ്യാജവാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ആഴ്ച്ച ഒരു പൊതുചടങ്ങില്‍ സംസാരിക്കവേ മധുപാല്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. ഇതിനെതിരെ മധുപാല്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം മരിച്ചെന്ന വ്യാജവാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

മധുപാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്….

“ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മധുപാല്‍ ആത്മഹത്യ ചെയ്യും എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം സോഷ്യല്‍ മീഡിയായില്‍ കണ്ടു. ഞാന്‍ പറഞ്ഞതെന്ത് എന്തു മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ പൂര്‍ണമായും ഉള്‍ക്കൊണ്ടും കാര്യങ്ങളെ വളച്ചൊടിച്ച് അവരുടെ ഇഷ്ടം പോലെ തരാതരമാക്കി മാറ്റാനുള്ള ഹീനതയെ അംഗീകരിച്ചുകൊണ്ടും ഞാന്‍ പറഞ്ഞതെന്തെന്ന് വ്യക്തമാക്കാം.

“ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ അഭിപ്രായ സ്വാന്ത്ര്യത്തെ ഖണ്ഡിക്കാന്‍ ദേശഭക്തി, രാജ്യസുരക്ഷ തുടങ്ങിയ പല തന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് അടുത്ത കാലത്ത് കണ്ടു. പക്ഷേ നമ്മള്‍ മനസിലാക്കേണ്ടത്, എന്തു കൊണ്ട് എന്ന ചോദ്യമുന്നയിക്കുമ്പോഴാണ് ഒരു ജനാധിപത്യത്തില്‍ ഒരു പൗരന്‍ അയാളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത്. ദേശഭക്തിയും രാജ്യസ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയുന്നു, ഓരോ പൗരനും ചോദ്യം ചോദിക്കാന്‍ ധൈര്യമുള്ളവരാകണം. ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്.”

അതെ, ഞാന്‍ അങ്ങിനെ തന്നെ വിശ്വസിക്കുന്നു. ചോദ്യം ചോദിക്കുന്നതിനെ ഭരണകൂടങ്ങള്‍ ഭയപ്പെട്ടു തുടങ്ങുന്നുവെങ്കില്‍, ചോദ്യം ചോദിക്കുന്നവന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യലാണ് ഭരണകൂടം മുന്നോട്ടു വെയ്ക്കുന്ന പ്രതിവിധിയെങ്കില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ ഭരണകൂടം ജനാധിപത്യത്തില്‍ നിന്നു വ്യതിചലിച്ചു തുടങ്ങുന്നുവെന്നാണ്. ജനാധിപത്യത്തിന്റെ മരണം പൗരബോധത്തിന്റെയും പൗരന്റെയും മരണമാണ്. അങ്ങനെ മരിക്കാതിരിക്കാന്‍, ജനാധിപത്യത്തിന്റെ ജ്വാല കെട്ടുപോകാതിരിക്കാന്‍, നമ്മള്‍ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കണം. ജനാധിപത്യം മരിക്കുമ്പോള്‍ ഭരണഘടന മരിക്കുന്നു. അതു മുന്നോട്ടു വെയ്ക്കുന്ന പൗരാവകാശങ്ങള്‍ മരിക്കുന്നു. ഓരോ ചോദ്യം ചെയ്യലും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സമരമാണ്. ഓരോ ചോദ്യവും ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. അതു നമ്മള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണം.

ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണ്. ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതില്‍ വിജയിക്കേണ്ടത് ജനാധിപത്യമാണ്. അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്‌നേഹത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയതയല്ല. ഇനിയും വോട്ടു രേഖപ്പെടുത്താന്‍ നമുക്ക് ജനാധിപത്യത്തിലൂന്നിയ തിരഞ്ഞെടുപ്പുകളുണ്ടാകണമെന്ന്, ഇന്ത്യയുടെ ജനാധിപത്യമെന്നത് ജനലക്ഷങ്ങള്‍ അവരുടെ രക്തവും വിയര്‍പ്പും ജീവനും ഊറ്റിത്തന്ന് നേടിയെടുത്തും സംരക്ഷിച്ചും തന്നതാണെന്ന ബോധത്തോടു കൂടിതന്നെ നമുക്ക് നമ്മുടെ വോട്ടുകള്‍ രേഖപ്പെടുത്താനാവണം. ആ ജനാധിപത്യത്തിന്റെ സംരക്ഷണമാകണം നമ്മുടെ ലക്ഷ്യം. ഇല്ലെങ്കില്‍ നാം മൃതതുല്യരാവുക തന്നെ ചെയ്യും.”

കഴിഞ്ഞയാഴ്ച പൊതുചടങ്ങില്‍ സംസാരിക്കവെ നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നായിരുന്നു മധുപാല്‍ പറഞ്ഞത്. ഇതിനെയാണ് ചിലര്‍ വളച്ചൊടിച്ചത്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ. മനുഷ്യനെ മതത്തിന്റെ ചതുരത്തില്‍ നിര്‍ത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണമെന്നും മധുപാല്‍ ചടങ്ങില്‍ പറഞ്ഞിരുന്നു.

https://www.facebook.com/madhupal.kannambath/posts/10216486528427297

Latest Stories

'മുനമ്പം പറയുന്നവർ സ്റ്റാൻ സ്വാമിയേയും ഗ്രഹാം സ്റ്റെയിൻസിനേയും മറക്കരുത്'; രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്

എഐ ക്യാമറകൾ വീണ്ടും സജീവം; പണികിട്ടുക മൂന്ന് പിഴവുകൾക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ച് ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

IPL 2025: ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; വ്യക്തിപരമായ കാരണങ്ങളാൽ മത്സരങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങി സൂപ്പർ താരം

മലപ്പുറത്ത് മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സ്‌ത്രീ വീണുമരിച്ചു

'ഭരണഘടനാപരം, ഭരണഘടനാവിരുദ്ധം എന്നീ വാക്കുകള്‍ അത്ര നിസാരമായി ഉപയോഗിക്കരുത്': കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

വഖഫ് ബിൽ; ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ സുധാകരന്‍

"മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ, ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പിഴ"; പ്രതികരിച്ച് എം ജി ശ്രീകുമാർ

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതി; പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കേസുകളിൽ സി.എം.ആർ.എൽ മേധാവി ശശിധരൻ കർത്തയും

ജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നത് വിപ്ലവഗാനം കേള്‍ക്കാനല്ലെന്ന് ഹൈക്കോടതി; 'ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുത്'