സെറ്റില്‍ ആരും കരഞ്ഞ് പോയിട്ടില്ല, മൂന്ന് മാസത്തിന് ശേഷമാണ് വിന്‍സിയുടെ പരാതി.. ഷൈന്‍ അങ്ങനെ പെരുമാറുന്ന വ്യക്തിയല്ല; നടിയെ തള്ളി 'സൂത്രവാക്യം' ടീം

നടി വിന്‍സി അലോഷ്യസിന്റെ ആരോപണങ്ങള്‍ തള്ളി ‘സൂത്രവാക്യം’ സിനിമയുടെ ടീം. തങ്ങളുടെ സെറ്റില്‍ അങ്ങനൊരു സംഭവം നടന്നതായി അറിയില്ലെന്നും വിന്‍സി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചപ്പോഴാണ് അറിയുന്നത് എന്നുമാണ് ചിത്രത്തിന്റെ സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മലും നിര്‍മ്മാതാവ് ശ്രീകാന്ത് കന്ദ്രഗുളയും അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ പ്രസ് മീറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. സിനിമയുടെ ഐസിസി ഇപ്പോഴാണ് വിന്‍സിയെ ബന്ധപ്പെട്ട് പരാതി എഴുതി വാങ്ങിയത്, അല്ലാതെ അന്ന് നടി പരാതി നല്‍കിയിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് ഒരു തടസവും കൂടാതെ നടന്നതുകൊണ്ട് പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ഷൈന്‍ ടോം ചാക്കോ സിനിമയുടെ പ്രവര്‍ത്തനത്തിന് തടസം വരുന്ന രീതിയില്‍ പെരുമാറുമെന്ന് കരുതുന്നില്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മലിന്റെ വാക്കുകള്‍:

സിനിമയുടെ ഐസിസി അവരെ ഇപ്പോള്‍ ബന്ധപ്പെട്ടു, ഒഫീഷ്യലി പരാതികള്‍ എഴുതി വാങ്ങി, അതിന്റെ നടപടികള്‍ നടക്കുന്നുണ്ട്. ഐസിസിക്ക് സെറ്റില്‍ പരാതി കിട്ടിയിട്ടില്ല. സിനിമക്ക് 45 ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടായിരുന്നു. ഞാന്‍ 39 ദിവസം കൊണ്ട് ഷൂട്ട് തീര്‍ത്തു. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ 39 ദിവസം കൊണ്ട് നമുക്ക് തീര്‍ക്കാന്‍ പറ്റില്ലല്ലോ. അത്രയും ഫാസ്റ്റ് ആയിട്ട് ഷൂട്ട് ചെയ്ത ഒരു സിനിമയാണ് സൂത്രവാക്യം. ഷൂട്ടിങ്ങിനിടയില്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല, അങ്ങനെ ഒരു പരാതിയും ലഭിച്ചിട്ടില്ല. ഷൂട്ടിങ്ങിന് ഇടയില്‍ അങ്ങനെ ഒരു സംഭവം നടന്നാല്‍ അവര്‍ക്ക് നമ്മള്‍ സപ്പോര്‍ട്ട് കൊടുക്കും. നമ്മുടെ അറിവില്‍ ഒരു വിഷയം ഉണ്ടായിട്ടില്ല. എന്റെ സെറ്റില്‍ ആരും കരഞ്ഞിട്ട് പോയിട്ടില്ല. ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ എല്ലാവരെയും പിരിഞ്ഞു പോകുന്നത് ഓര്‍ത്തുള്ള കരച്ചില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എനിക്ക് എന്റെ സെറ്റില്‍ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. ഞാന്‍ വളരെ ചിട്ടയോടും അച്ചടക്കത്തോടും കൂടിയാണ് സെറ്റ് മുന്നോട്ട് കൊണ്ടുപോയത്. വിന്‍സിയുടെ കയ്യില്‍ നിന്ന് പരാതി എഴുതിവാങ്ങിയിട്ടുണ്ട്. 21-ാം തിയതി ഞങ്ങള്‍ മീറ്റിംഗ് കൂടും. വിന്‍സിയും അടങ്ങുന്ന ഒരു മീറ്റിംഗ് നടത്തി ചര്‍ച്ച ചെയ്തതിന ശേഷം മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയൂ. ഷൈന്‍ ടോം ചാക്കോയെ കൊണ്ട് എനിക്ക് സെറ്റില്‍ ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. കൃത്യനിഷ്ഠതയോടെ സെറ്റില്‍ വരികയും സമയത്ത് തന്നെ ഷൂട്ടിങ് പൂര്‍ത്തിയാക്കി പോവുകയും ചെയ്തിട്ടുണ്ട്. ബുദ്ധിമുട്ടിക്കുന്ന ഒരു പ്രവര്‍ത്തിയും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല.

തിരക്കഥാകൃത്ത് റെജിന്‍ എസ് ബാബു പറഞ്ഞത്:

വിന്‍സിക്ക് സെറ്റില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍ അത് ഞങ്ങളോട് പറഞ്ഞിട്ടില്ല. സഹപ്രവര്‍ത്തകരായ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാകും. പക്ഷെ ചീഫ് ടെക്‌നിഷ്യന്‍സിന് ആര്‍ക്കും ഈ വിവരം അറിയില്ല. വിന്‍സി ഞങ്ങളോട് പറഞ്ഞത് ഇതുവരെ വര്‍ക്ക് ചെയ്തതില്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയ ടീം ആയിരുന്നു നമ്മുടേത് എന്നാണ്. സിനിമയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സിനിമ തീരുന്നത് വരെ കാത്തിരിക്കുകയായിരുന്നു എന്നാണ് ഞാന്‍ ഇന്നലെ വിളിച്ചപ്പോള്‍ വിന്‍സി പറഞ്ഞത്. ഒരുപക്ഷെ വിന്‍സിക്ക് കംഫര്‍ട്ടബിള്‍ ആയ ആരോടെങ്കിലും വിന്‍സി പറഞ്ഞിട്ടുണ്ടാകും.

കോര്‍ ആയിട്ടുള്ള ടെക്‌നിഷ്യന്‍സിന്റെ അടുത്ത് ഈ വിഷയം വരികയോ ഞങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയോ ചെയ്തിട്ടില്ല. ഒരു പ്രശ്‌നം ഉണ്ടാകുന്ന പടത്തിന് സാറ്റലൈറ്റ് റൈറ്റും ഒടിടിയും ഒന്നും വിറ്റുപോകില്ല. ചിലപ്പോള്‍ ഇത് അറിയാവുന്നതു കൊണ്ട് വിന്‍സി ഈ വിഷയം കൂടുതല്‍ ചര്‍ച്ചകളിലേക്ക് കൊണ്ട് പോകാത്തതായിരിക്കും. വര്‍ക്കിന്റെ കാര്യത്തില്‍ ഷൈന്‍ ടോം ചാക്കോ അതിഗംഭീരമായ പ്രവര്‍ത്തനമാണ് ചെയ്തത്. അദ്ദേഹം സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ഒരുപാട് കാലം വര്‍ക്ക് ചെയ്ത ആളാണ്. സിനിമയുടെ പ്രവര്‍ത്തനത്തിന് തടസം വരുന്ന രീതിയില്‍ പെരുമാറുമെന്ന് കരുതുന്നില്ല. ഞങ്ങള്‍ ഷൈന്‍ ടോം ചാക്കോയെ സപ്പോര്‍ട്ട് ചെയ്തു സംസാരിക്കുകയല്ല. വിന്‍സിക്ക് എന്ത് പരാതിയുണ്ടെങ്കിലും അത് ഗൗരവത്തോടെ കൈകാര്യം ചെയ്യും.

നിര്‍മ്മാതാവ് ശ്രീകാന്ത് കന്ദ്രഗുളയുടെ വാക്കുകള്‍:

ഇത്തരമൊരു പരാതിയുമായി വിന്‍സി മുന്നോട്ട് വന്നതിനെ ഞാന്‍ ബഹുമാനിക്കുന്നു. ഇത്തരമൊരു കാര്യം മുന്നോട്ട് വന്നു പറയുന്നത് അവര്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. പക്ഷെ ഞങ്ങള്‍ക്ക് സെറ്റില്‍ ഒരു പരാതിയും കിട്ടിയിട്ടില്ല. മീഡിയ വഴി ആണ് ഞാന്‍ കാര്യം അറിഞ്ഞത്. വിന്‍സി പറഞ്ഞത് വളരെ വലിയ ഇഷ്യൂ ആണ്. അതുകൊണ്ട് തന്നെ ഈ കാര്യം അന്വേഷിക്കാനായി സിനിമയുടെ ഐസിസി ഫിലിം ചേംബറുമായി 21ന് തന്നെ ഒരു മീറ്റിംഗ് നടത്തുന്നുണ്ട്. ഒരു നിര്‍മ്മാതാവ് എന്ന നിലയിലും മലയാളം സിനിമയുടെ അംഗം എന്ന നിലയിലും ഈ ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതായി തന്നെ കാണും അന്വേഷണം ന്യായവും സുതാര്യതയും ഉള്ളതാണെന്ന് ഉറപ്പുവരുത്തും.

സെറ്റില്‍ നടന്നതിനെ കുറിച്ച് അറിയാവുന്ന കാര്യമാണ് ഞങ്ങള്‍ പറയുന്നത്. ഞങ്ങള്‍ക്ക് ഇപ്പോഴും സംഭവത്തിന്റെ ഒരു സൈഡ് മാത്രമേ അറിയൂ. 21ന് ഐസിസിയുമായി ഉള്ള മീറ്റിംഗ് കഴിഞ്ഞതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയൂ. ഇപ്പോള്‍ ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ മാത്രമേ ഉത്തരം പറയാന്‍ കഴിയൂ. ഷൂട്ടിങ് കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് വിന്‍സി ഈ പരാതിയുമായി മുന്നോട്ട് വരുന്നത്. ഇതുവരെ ഞങ്ങള്‍ക്കും ഈ വിഷയം ഒന്നും അറിയില്ലായിരുന്നു. വിന്‍സി വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം മാത്രമാണ് ഞങ്ങളും ഈ വിവരം അറിയുന്നത്. ഞങ്ങള്‍ സത്യസന്ധമായി ആണ് പറയുന്നത്. മീഡിയയോട് ഞങ്ങള്‍ക്ക് ഉള്ള അഭ്യര്‍ത്ഥന ഞങ്ങളുടെ സിനിമയെ പിന്തുണക്കണം, ഇതിന്റെ പേരില്‍ ഞങ്ങളുടെ സിനിമയെ തകര്‍ക്കരുത്. ഈ പ്രശ്‌നം സിനിമയുമായി കൂട്ടിക്കുഴയ്ക്കരുത്.

Read more