ഗായകനായി മാത്രമല്ല അഭിനേതാവ്, സംഗീത സംവിധായകന്, നിര്‍മ്മാതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ തിളങ്ങിയ താരമാണ് എസ്.പി ബാലസുബ്രമണ്യം. എസ്പിബിയെ നടനായി കണ്ടവര്‍ക്ക് അദ്ദേഹത്തിന്റെ അഭിനയപാടവം മറക്കാനാകില്ല. എഴുപത്തിനാലോളം സിനിമകളില്‍ എസ്പിബി വേഷമിട്ടിട്ടുണ്ട്. സംഗീതം പോലെ തന്നെ സ്വാഭാവികവും അനായാസവുമായിരുന്നു എസ്പിബിയുടെ അഭിനയവും.
മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് വേര്‍ഷനുകളില്‍ ഒരു ഗാനരംഗത്താണ് എസ്പിബി ആദ്യം വേഷമിട്ടത്. സിനിമകളില്‍ ചെറുവേഷങ്ങളില്‍ എത്തിയ എസ്പിബി 1987-ല്‍ പുറത്തിറങ്ങിയ മനതില്‍ ഉരുധി വെണ്ടും എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ശരിയായ അരങ്ങേറ്റം കുറിച്ചത്. ഡോ. അര്ഥനാരി മുതല്‍ എസ്പിബി അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ ഇവയൊക്കെയാണ്:
കെ ബാലചന്ദര്‍ ഒരുക്കിയ മനതില്‍ ഉരുധി വെണ്ടും ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് എസ്പിബി എത്തിയത്. സുഹാസിനി നായികയായ ചിത്രത്തില്‍ ഡോ. അര്ഥനാരി എന്ന കഥാപാത്രമായി എസ്പിബി വേഷമിട്ടു.
കേളടി കണ്മണി എന്ന ചിത്രത്തിലാണ് എസ്പിബി ആദ്യമായി നായക വേഷത്തിലെത്തിയത്. ചിത്രത്തില്‍ എസ്പിബി പാടി അഭിനയിച്ചപ്പോള്‍ പ്രേക്ഷകര്‍ അത് നെഞ്ചേലേറ്റി. രംഗരാജ് എന്ന കഥാപാത്രമായി അവിസ്മരണീയമായ പ്രകടനമാണ് ചിത്രത്തില്‍ താരം കാഴ്ചവെച്ചത്.
കാതലന്‍ സിനിമയിലെ കതിരേശനാണ് എസ്പിബി അനശ്വരമാക്കിയ മറ്റൊരു കഥാപാത്രം. പ്രഭുദേവയും നഗ്മയും നായികാനായകന്മാരായി എത്തിയപ്പോള്‍ നായകന്റെ അച്ഛനായി എസ്പിബി തിളങ്ങി. പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ അദ്ദേഹം വേഷമിട്ടത്. “”കാതലിക്കും പെണ്ണിന്”” എന്ന ഗാനത്തില്‍ പ്രഭുദേവയ്ക്കൊപ്പം താരം ചുവടുവെയ്ക്കുകയും ചെയ്തു.
അരവിന്ദ് സാമിയുടെ പിതാവിന്റെ വേഷത്തിലാണ് മിന്‍സാര കനവ് സിനിമയില്‍ എസ്പിബി വേഷമിട്ടത്. ജെയിംസ് തങ്കദുരൈ എന്ന കഥാപാത്രമായാണ് രാജിവ് മേനോന് ഒരുക്കിയ ചിത്രത്തില്‍ എസ്പിബി എത്തിയത്.
പ്രിയമാനവളെ ചിത്രത്തിലെ വിജയ്യുടെ പിതാവ് വിശ്വനാഥന്റെ വേഷമാണ് എസ്പിബിയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ മറ്റൊന്ന്. സിമ്രാന് നായികയായെത്തിയ സിനിമ വിജയുടെ കരിയറിലെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ്.
Read more
ഉല്ലാസം, തലൈവാസല്‍ ചിത്രങ്ങളിലും എസ്പിബി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. മകന് എസ്.പി.ബി ചരണ്‍ നിര്‍മ്മിച്ച നാനയം സിനിമയില്‍ നെഗറ്റീവ് റോളിലും എസ്പിബി വേഷമിട്ടു. 2018-ല്‍ റിലീസ് ചെയ്ത ദേവദാസ് എന്ന തെലുങ്കു സിനിമയിലാണ് എസ്പിബി അവസാനമായി വേഷമിട്ടത്.