മല്ലിക സുകുമാരനോട് മോശം കമന്റ് പറഞ്ഞയാളെ പൃഥ്വിരാജ് ഭീഷണിപ്പെടുത്തിയതിനെ കുറിച്ച് പറഞ്ഞ് ശ്രീകണ്ഠന്‍ നായര്‍. ‘നമ്മള്‍ തമ്മില്‍’ എന്ന പരിപാടിയില്‍ മല്ലിക എത്തിയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. ഓഡിയന്‍സിനിടയില്‍ നിന്നും മോശം കമന്റ് പറഞ്ഞ ആളിനോട് ചൂടാവുകയായിരുന്നു താരം എന്നാണ് ശ്രീകണ്ഠന്‍ നായര്‍ പറയുന്നത്.
മല്ലിക ചേച്ചി ഒരിക്കല്‍ നമ്മള്‍ തമ്മില്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഒരാള്‍ ചേച്ചിയോട് മോശം കമന്റ് പറഞ്ഞു. ചേച്ചിയും ഉടന്‍ തന്നെ അയാളെ ശാസിച്ച് സംസാരിച്ചു. ചേച്ചി പറഞ്ഞു കൊണ്ടിരിക്കെ പരിപാടി കാണാനിരിക്കുന്ന ഓഡിയന്‍സിനിടയില്‍ നിന്ന് ഒരു പയ്യന്‍ എഴുന്നേറ്റ് ‘വെളിയിലോട്ട് വാടാ’ എന്ന രീതിയില്‍ ചൂടായി സംസാരിച്ചു.
ഉടന്‍ തന്നെ താന്‍ ഇടപെട്ട് ആ പയ്യനോട് നീ ആരാണെന്ന് ചോദിച്ചു അപ്പോള്‍ തന്നെ മറുപടി വന്നു ‘ഞാന്‍ രാജുവാണ്’. ആ പയ്യനോട് പറഞ്ഞ ശേഷം ഒരിക്കല്‍ കൂടി നീ ആരാണെന്ന് ചോദിച്ചു. ‘ഞാന്‍ മല്ലിക സുകുമാരന്റെ മകനാണ്’ എന്ന് അവന്‍ പറഞ്ഞു. പൃഥ്വിരാജ് ആയിരുന്നു അത്.
‘അമ്മ സംസാരിക്കുമ്പോള്‍ മകന്‍ സംസാരിക്കേണ്ടതില്ല’ എന്നും താന്‍ പറഞ്ഞു. പക്ഷെ രാജു ചെയ്ത ഏറ്റവും നല്ല അഭിമുഖങ്ങളില്‍ ഒന്നായിരുന്നു അത്. അന്നേ താന്‍ രാജുവിന്റെ ആത്മവിശ്വാസം ശ്രദ്ധിച്ചിരുന്നു. വളരെ സ്‌ട്രെയ്റ്റാണ് രാജു. അയാള്‍ക്ക് ശരിയല്ലെന്ന് തോന്നുന്നത് അയാള്‍ പറയുകയും ചെയ്യും എന്നാണ് ശ്രീകണ്ഠന്‍ നായര്‍ പറയുന്നത്.
നടി നവ്യ നായര്‍ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ശ്രീകണ്ഠന്‍ നായര്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം, ‘നന്ദനം’ സിനിമയില്‍ അഭിനയം ആരംഭിച്ച്, ‘ലൂസിഫര്‍’ എന്ന സൂപ്പര്‍ ഹിറ്റ് ഒരുക്കി കരിയറിന്റെ ഏറ്റവും പീക്ക് ഘട്ടത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍.