സിനിമാ സംഘടനകള്‍ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കൂ. നടന്റെ കാര്യത്തില്‍ മറ്റ് സിനിമാ സംഘടനകളുമായും അമ്മ ചര്‍ച്ച നടത്തും.
നിര്‍മ്മാതാവില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടും ഡേറ്റ് നല്‍കാതെയും പല സിനിമകള്‍ക്ക് ഒരേസമയം ഡേറ്റ് കൊടുത്ത് സിനിമയുടെ മുഴുവന്‍ ഷെഡ്യൂളിനെയും മാറ്റിമാറിക്കുകയും ചെയ്യുന്ന അവസ്ഥ വരുന്നുവെന്ന പരാതിയിലാണ് ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകള്‍ ഒന്നടങ്കം പ്രഖ്യാപിച്ചത്.
ഈ സാഹചര്യത്തിലാണ് ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്. നിര്‍മ്മാതാക്കള്‍ നിസ്സഹകരണം പ്രഖ്യാപിച്ച ഷെയ്ന്‍ നിഗം അമ്മയില്‍ അംഗമാണ്. എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണു ഷെയ്നുമായുള്ള നിസ്സഹകരണത്തിനു കാരണമായത്. ഷെയ്ന്‍ അമ്മ അംഗമായത് മുമ്പുണ്ടായ വിവാദത്തിനിടെയാണ്. തുടര്‍ന്നാണ് അമ്മ വിഷയത്തില്‍ ഇടപെട്ടത്. സമാന രീതിയില്‍ ശ്രീനാഥ് ഭാസിയും അംഗത്വമെടുക്കാനായി മുമ്പോട്ട് വരുന്നു. ശ്രീനാഥ് ഭാസിക്ക് അംഗത്വം നല്‍കുന്നതില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിലപാടാകും നിർണായകം.
അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു നിര്‍മ്മാതാക്കളുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നില്ലെന്നു ഫെഫ്ക നേതൃത്വം വ്യക്തമാക്കി. താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു തങ്ങളുടെ പക്കല്‍ പട്ടികയൊന്നുമില്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞത് അവരുടെ നിലപാടാണെന്നും ഫെഫ്ക ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗമിന്റേയും ഇടപെടലുകള്‍ അതിരു വിട്ടതാണെന്നും ഫെഫ്ക സമ്മതിക്കുന്നുണ്ട്.
നിര്‍മ്മാതാവുമായി ഒപ്പുവെയ്ക്കുന്ന കരാറില്‍ അമ്മയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടാകണം. അല്ലാത്തപക്ഷം താരങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സംഘടനകള്‍ക്കാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. സിനിമയുടെ എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് നടന്‍ ഷെയ്‌നുമായുള്ള നിസ്സഹകരണത്തിന്റെ കാരണം. നിലവില്‍ 7 അപേക്ഷകളാണ് അംഗത്വത്തിനായി അമ്മയുടെ പരിഗണനയിലുള്ളത്.