ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ല; അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ‌ വിലക്കേർപ്പെടുത്തിയതിനെതിരെ നടൻ മമ്മൂട്ടി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ പ്രതികരണം. അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി നില നിൽക്കുന്നു എന്ന് നിർമാതാക്കൾ അറിയിച്ചു.

നിലവിൽ അഭിനയിച്ചു വെച്ച സിനിമകളിലെ ജോലികൾക്ക് ശേഷം പുനരാലോചന നടത്തുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. ആരുടെയും അന്നം മുട്ടിക്കുന്ന നടപടികൾക്ക് നിർമ്മാതാക്കളില്ല. നിർമ്മാതാക്കളുടെ അന്നം മുട്ടിക്കുന്ന നിലയിലേക്ക് ശ്രീനാഥ് ഭാസി എത്തി. അതുകൊണ്ട് ഇത്തരം നടപടി സ്വീകരിക്കാൻ നിർബന്ധമായതെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.

അവതാരകയുടെ പരാതിയിൽ ആണ് നടപടിയെന്നും നേരത്തെയും ശ്രീനാഥിനെതിരെ ഒരുപാട് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ‌ വിലക്കേർപ്പെടുത്തിയതിനെതിരെ നടൻ മമ്മൂട്ടി രം​ഗത്തെത്തിയിരുന്നു. നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

Read more

വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നു൦ മമ്മൂട്ടി പറഞ്ഞിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി നിർമ്മാതാക്കൾ രം​ഗത്തെത്തിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ‌ വിലക്കേർപ്പെടുത്തിയത് തൊഴിൽ നിഷേധം ആണെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്.