കേരള സാംസ്‌കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് തീരുമാനിക്കുന സ്വതന്ത്ര ജൂറിയാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തീരുമാനിക്കുന്നത്. ഇത്തവണ എല്ലാ വിഭാഗങ്ങളിലേക്കും കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരരംഗത്തുള്ളത് ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ്. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും ഏറ്റമുട്ടുമ്പോള്‍ ആരാധകരും ആകാംക്ഷയിലാണ്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെയാണ് ബിജു മേനോന്‍ മത്സരരംഗത്തേക്ക് എത്തിയത്. മാലിക്ക്, ട്രാന്‍സ് എന്നിവയിലെ പ്രകടനത്തിലൂടെയാണ് ഫഹദ് ഫാസില്‍ പട്ടികയില്‍ പേര് ചേര്‍ത്തത്. ജയസൂര്യയുടെ പ്രകടനം വിലയിരുത്തുക, വെള്ളം എന്ന സിനിമ നോക്കിയാകും. വേലുക്കാക്ക ഒപ്പ് കാ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍സ് വീണ്ടും മികച്ച നടനുള്ള പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കുന്നത്.
കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, ഫോറന്‍സിക് എന്നീ സിനിമകളാണ് ടൊവിനോയുടേതെങ്കില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയിലെ പ്രകടനത്തിലൂടെയാണ് ലിസ്റ്റില്‍ സുരാജ് വെഞ്ഞാറമൂടും ഉള്‍പ്പെട്ടത്.
മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കാന്‍ ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരാണ് ഉള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ഒരുപക്ഷെ ശോഭനയുടെ പേര് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി മത്സരിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭന വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. വരനെ ആവശ്യമുണ്ട് (ശോഭന), കപ്പേള (അന്ന ബെന്‍), ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ (നിമിഷ സജയന്‍), വര്‍ത്തമാനം (പാര്‍വതി തിരുവോത്ത്) വെള്ളം , വൂള്‍ഫ് (സംയുക്ത മേനോന്‍) എന്നീ സിനിമകളിലെ നടിമാരുടെ പ്രകടനങ്ങള്‍ വിലയിരുത്തിയാകും അന്തിമ വിജയിയെ കണ്ടെത്തുക.
2020ല്‍ നിര്‍മിച്ച 80 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിലെ വിവിധ മേഖലകളിലേക്ക് മത്സരിക്കുന്നത്. രണ്ട് പ്രാഥമിക ജൂറികള്‍ ആദ്യം സിനിമകള്‍ കണ്ട് വിലയിരുത്തും. ശേഷം ഈ ജൂറികള്‍ നിര്‍ദേശിക്കുന്ന സിനിമകള്‍ രണ്ടാം റൗണ്ടിലേക്ക് കടക്കും. അവയില്‍ നിന്നായിരിക്കും അന്തിമ ജൂറി പുരസ്‌കാര ജേതാക്കളെ നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അദ്ധ്യക്ഷന്മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.
ആറ് സംവിധായകരുടെ രണ്ട് സിനിമകള്‍ വീതം ഇത്തവണ മത്സരിക്കുന്നുണ്ട്. മഹേഷ് നാരായണ്‍,സിദ്ധാര്‍ഥ് ശിവ, ജിയോ ബേബി, അശോക്. ആര്‍.നാഥ്, സിദ്ദിഖ് പറവൂര്‍, ഡോണ്‍ പാലത്തറ എന്നിവരുടെ രണ്ട് ചിത്രങ്ങള്‍ വീതമാണ് വിലയിരുത്തലിനായി ജൂറിക്ക് മുമ്പില്‍ എത്തിയിരിക്കുന്നത്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അയ്യപ്പനും കോശിയും മികച്ച സംവിധായകന്‍ തിരക്കഥ വിഭാഗങ്ങളിലേക്ക് മത്സരിച്ചേക്കും. മികച്ച സംവിധായകനുള്ള മത്സരത്തില്‍ മഹേഷ് നാരായണ്‍ മത്സരിക്കുന്നത് മാലിക്, സീ യു സൂണ്‍ എന്നീ ചിത്രങ്ങള്‍ സമര്‍പ്പിച്ചു കൊണ്ടാണ്.
മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച മുതിര്‍ന്ന സംവിധായകരുടെ ചിത്രങ്ങളും ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ മത്സരവിഭാഗത്തിലേക്ക് എത്തിയിട്ടുണ്ട്. ശ്യാമപ്രസാദ് (കാസിമിന്റെ കടല്‍), ഡോ.ബിജു (ഓറഞ്ച് മരങ്ങളുടെ വീട്) ഹരികുമാര്‍ (ജ്വാലാമുഖി) എന്നിവയാണത്. സംസ്ഥാന പുരസ്‌കാരവേദിയില്‍ ഇതുവരെ തഴയപ്പെട്ടിട്ടുള്ള സംവിധായകനാണ് ഡോ.ബിജു. പക്ഷെ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ മിക്കവയും ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിന് കപ്പേള (മുഹമ്മദ് മുസ്തഫ), വരനെ ആവശ്യമുണ്ട് (അനൂപ് സത്യന്‍), സൂഫിയും സുജാതയും (ഷാനവാസ് നാലകത്ത്) എന്നിവരാണ് മത്സരിക്കുന്നത്.