വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്ത ‘രണ്ട്’ ചിത്രത്തിനെതിരെ പരാതിയുമായി ഡോ. ബിനിരാജ്. അടുത്ത സുഹൃത്തായിരുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബിനുലാലിനോട് തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ച് പറഞ്ഞിരുന്നു. അതാണ് രണ്ട് സിനിമയുടെ കഥയാക്കിയത് എന്നാണ് ഡോക്ടര്‍ പറയുന്നത്.
ബിനുലാലിനോട് തിരക്കഥ എഴുതി തരണമെന്ന് പറഞ്ഞിരുന്നുവെങ്കിലും വിളി ഒന്നും ഇല്ലാത്തതിനാല്‍ താന്‍ മറ്റൊരു സുഹൃത്തിനെ കൊണ്ട് കഥയെഴുതിപ്പിച്ചു. കഥ വച്ച് കോണ്‍സ്റ്റിപ്പേഷന്‍ എന്ന ഷോര്‍ട്ട് ഫിലിമും ഒരുക്കി. ആറ് മാസത്തിന് ശേഷം ബിനുലാല്‍ ഒരു കഥ കേള്‍ക്കണമെന്ന് പറഞ്ഞു വിളിച്ചു.
താന്‍ പറഞ്ഞ കഥ തന്നെയാണ് അയാള്‍ തന്നെ വായിച്ച് കേള്‍പ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ക്രെഡിറ്റ് ലിസ്റ്റില്‍ തന്റെ പേര് വയ്ക്കാമെന്നും നല്ലൊരു വേഷം തരാമെന്നും അയാള്‍ വാക്ക് പറഞ്ഞു. രണ്ടിന്റെ കഥ തന്റെ കഥയുടെ മോഷണമാണെന്ന് മനസിലായപ്പോള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫിലിം ചേമ്പറിലും പരാതി കൊടുത്തു.
തന്റെ സുഹൃത്ത് കൂടിയായ അഡ്വക്കേറ്റ്, പ്രശ്നം രമ്യതയിലെത്തിക്കാനും ശ്രമങ്ങള്‍ നടത്തിയിരുന്നു. രണ്ടിന്റെ നിര്‍മ്മാതാവ് ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി തന്റെ മുന്നിലെത്തിയതിനാല്‍ താന്‍ അദ്ദേഹത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചു.
രണ്ട് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് തന്റെ കഥ അതേപടി മോഷ്ടിച്ചതാണെന്ന് മനസ്സിലാകുന്നത്. കഥയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നായിരുന്നു അവരുടെ അവകാശം. ആ വിശ്വാസ്യത പാലിച്ചില്ലെന്ന് കണ്ടപ്പോഴാണ് താന്‍ വീണ്ടും പരാതിയുമായി കോടതിയെ സമീപിച്ചത് എന്നാണ് ഡോ. ബിനിരാജ് പറയുന്നത്.