Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

തേന്‍മധുരം, ഈ പലായന നൊമ്പരം; സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തേക്കുറിച്ച്

, 3:18 pm

ഡോ.സാബിന്‍ ജോര്‍ജ്

അലന്‍ കുര്‍ദിയെന്ന ,മൂന്നു വയസു മാത്രമുണ്ടായിരുന്ന സിറിയന്‍ ബാലന്റെറെ മൃതശരീരം മെഡിറ്ററേനിയന്‍ സമുദ്രതീരത്ത് തിരമാലകള്‍ മൂന്നാംപക്കം നിക്ഷേപിച്ച ചിത്രം പ്രവാസത്തിന്റെയും പലായനത്തിന്റെയും നൊമ്പര ചിത്രമായി നമ്മുടെ മനസില്‍ പതിഞ്ഞിട്ട് വര്‍ഷം മൂന്നായിരിക്കുന്നു. മനുഷ്യന്റെ മനോവ്യഥകളുടെ കഥകള്‍ സാര്‍വലൗകികമെന്ന നിരീക്ഷണമാണല്ലോ സിനിമയേയും സംഗീതത്തേയും സര്‍വകലകളേയും സ്‌പോര്‍ട്‌സിനേയുമൊക്കെ രാജ്യാതിര്‍ത്തികള്‍ അതിലംഘിച്ച് ആഗോളമാക്കാന്‍ സഹായിക്കുന്നത്. .സുഡാനി from നൈജീരിയ എന്ന കൊച്ചു മലയാള ചിത്രം ഈ ദുനിയാവിലെ പുറമേ ചിരിക്കുന്ന, ഉള്ളില്‍ അഭയാര്‍ത്ഥിയും പ്രവാസിയും തിരസ്‌ക്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ കഥ പറഞ്ഞ് ലോകസിനിമയുടെ നിലവാരത്തിലെത്തുന്നു..


കേരളം പ്രത്യേകിച്ച് മലപ്പുറം ജില്ല ഒരര്‍ത്ഥത്തില്‍ പ്രവാസികളുടെ അല്ലെങ്കില്‍ സാമ്പത്തിക, അതിജീവന അഭയാര്‍ത്ഥികളുടെ നാടല്ലേ? ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്നടിയുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ രാഷ്ട്രീയമായും, ഭൂമിശാസ്ത്രപരമായും വൈകാരികമായും അഭയാര്‍ത്ഥികളും പ്രവാസികളും തന്നെ.. നൈജീരിയക്കാരന്‍ സുഡാനിയായും, ഉഗാണ്ട ക്കാരനുമായി മലപ്പുറത്തെത്തുമ്പോള്‍ അവനില്ലാത്തത് സ്വന്തം നാടിനെ അടയാളപ്പെടുത്തുന്ന പാസ്‌പോര്‍ട്ടാണ്.. മലബാറിന്റെ ആവേശമായ സെവന്‍സ് ഫുട്‌ബോള്‍ ക്ലബിന്റെ ദരിദ്ര മാനേജരായ മജീദിനെയും അടയാളപ്പെടുത്തുന്നത് വ്യക്തിപരമായ പ്രവാസവും, അഭയാര്‍ത്തിത്വവും, പ്രീ ഡിഗ്രിയുടെ വില പോലുമില്ലാത്ത സെലക്ഷന്‍ മാനദണ്ഡങ്ങളിലെ പരാജയവുമാണ്.. മജീദിന്റെ കല്‍ക്കണ്ട ക്കനിയായ ഉമ്മയും, കൂട്ടുകാരി ഉമ്മച്ചിയും സ്‌നേഹം ചൊരിയുമ്പോഴും ഇരിക്കുന്ന അഗ്‌നിപര്‍വതങ്ങള്‍ തിരസ്‌ക്കാരത്തിന്റേതാണ്.. മജീദിന്റെ രണ്ടാം ബാപ്പയാണ് ചിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥിയും, തിരസ്‌കൃതനും.. അഭയാര്‍ത്ഥികളുടേയും, പ്രവാസികളുടേയും കഥകള്‍ ഒന്നു തന്നെയാകുമ്പോള്‍ ഭാഷയും വാക്കുകളും ആശയ വിനിമയത്തിന് അനാവശ്യമാകുന്നു. രാജ്യത്തെ ആഭ്യന്തര യുദ്ധത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അമ്മൂമ്മയേയും അനുജത്തിമാരേയും സംരക്ഷിക്കാന്‍ ,വിശപ്പക്കറ്റാന്‍ കാല്‍പ്പന്തിനെ പുണര്‍ന്ന് സാമുവല്‍ അഭയാര്‍ത്ഥി ജീവിതം പറിച്ചു നടുമ്പോള്‍, സ്വന്തം ഉമ്മയുടെ ‘നിക്കാഹിന് ബിരിയാണി ഉണ്ണേണ്ടി വന്ന അനാഥത്വം പേറുന്ന മജീദും അഭയം തേടുന്നത് കാല്‍പ്പന്തിന്റെ ലഹരിയില്‍.. സ്വന്തം മകനും ഭര്‍ത്താവിനുമിടയില്‍ സന്ദേഹിയായി നെഞ്ചുരുകുന്ന ഉമ്മയും ഒരര്‍ത്ഥത്തില്‍ പ്രവാസി തന്നെ.. ഇങ്ങനെ വ്യക്തിപരമായും, ഭൂമി ശാസ്ത്രപരമായും, വൈകാരികമായും, രാഷ്ട്രീയമായും അഭയാര്‍ത്ഥികളാകേണ്ടി വരുന്ന രാജ്യനാമങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത ആഗോള മനുഷ്യന്റെ നിസഹായതയാണ് ചിത്രത്തില്‍ കൃത്രിമത്വമില്ലാതെ അവതരിപ്പിക്കുന്നത്. അതിനു പശ്ചാത്തലമാകുന്നത് പാവപ്പെട്ടവന്റെ, അടിച്ചമര്‍ത്തപ്പെട്ടവന്റെ ആവേശം ചോരാത്ത ആഗോള കായിക വിനോദമായ കാല്‍പ്പന്തുകളിയേയും…

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം ഉയര്‍ത്തുന്ന, പ്രതീക്ഷ നല്‍കുന്ന ഒരു രാഷ്ട്രീയമുണ്ട്. അഭയാര്‍ത്ഥികളെ, പ്രവാസികളെ സൃഷ്ടിക്കുന്ന മനുഷ്യസൃഷ്ടിയായ ആഭ്യന്തര യുദ്ധങ്ങള്‍ക്കും, വ്യക്തി ജീവിതങ്ങളിലെ തിരസ്‌ക്കാരങ്ങള്‍ക്കും അപ്പുറം പുതിയ ഒരു ലോകം സാധ്യമാകുമോ… ഈ സിനിമയിലെ സുഡുവിനും മജീദിനും വേണ്ടത് ആ പുതു ലോകമാണ്…സാമുവലിനും, ഏലിയ്ക്കും ,നായര്‍ക്കും മമ്പറം എണ്ണ പകര്‍ന്നു കൊടുക്കാന്‍ ഉമ്മയ്ക്കു കഴിയുന്ന മത വരമ്പുകളില്ലാത്ത ,പാസ്‌പോര്‍ട്ടില്ലാതെ കറാച്ചിയിലും, ഏതു രാജ്യത്തും സഞ്ചരിക്കാന്‍ കഴിയുന്ന, ഒടുവില്‍ ജഴ്‌സി കള്‍ പരസ്പരം ഊരി നല്‍കി സ്‌നേഹ സൗഹാര്‍ദ്ദം പങ്കുവയ്ക്കാന്‍ കഴിയുന്ന മറ്റൊരു ലോകം സാധ്യമാണ്, നിലവിലുണ്ട് എന്ന രാഷ്ട്രീയമാണ്..

യുവാക്കളും, കുഞ്ഞുങ്ങളും യഥേഷ്ടം നീന്തിത്തുടിക്കുന്ന, അലംഭാവത്തോടെ ജല സമൃദ്ധിയെ കൈകാര്യം ചെയ്യുന്ന നാടിനോടും സാമുവേല്‍ ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന് ആവശ്യപ്പെടുന്നത് വെള്ളം പാഴാക്കരുതെന്നാണ്.. എത്ര മനോഹരമായാണ് ആഫ്രിക്ക അനുഭവിക്കുന്ന ജലദൗര്‍ല്ലഭ്യത്തെ ഏച്ചു കെട്ടില്ലാതെ മലയാളിയുടെ മുന്നിലെത്തിക്കുന്നത്.. പരിസ്ഥിതിയുടെ രാഷ്ട്രീയത്തെ ഞെട്ടലോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.. ഏറ്റവും മികച്ച കളിക്കാരനാകാനല്ല പുതിയൊരു ജീവിതമാണ് ,ലോകമാണ് സുഡുവിന്റെ മോഹം. ജീവിതത്തിലേക്ക് ഒരു സെലക്ഷനാവില്ലേ മജീദിന്റെ മോഹം.. സിവില്‍ യുദ്ധത്തില്‍ തകരുമ്പോഴും നൈജീരിയ ലോകകപ്പില്‍ കളിക്കുന്ന ടീമാണെന്നും ,എന്നാല്‍ സെവന്‍സ് ലോകകപ്പ് വന്നാല്‍ മലബാര്‍ തന്നെ അത് നേടുമെന്നും പറയുന്നത് ആത്മാര്‍ത്ഥമായി തന്നെയാവണം. പച്ചക്കൊടിയുടെയും, ത്രിവര്‍ണ്ണ പതാകയുടേയും ഒപ്പം ചെങ്കൊടികളും പാറിക്കളിക്കുന്ന ദൃശ്യങ്ങള്‍ മലപ്പുറത്തിന്റെ മതേതര, ബഹുസ്വര രാഷ്ട്രീയത്തിന്റെ പുതിയ മുഖമാകണം സൂചിപ്പിക്കുന്നത്.. വാട്‌സ് ആപ്പിലും ഫെസ് ബുക്കിലും ലൈവാകുന്ന മലബാറിന്റെ ഏഴുപേരുടെ ഫുട്‌ബോള്‍ അവരുടെ മതമാകുന്നത് കാല്‍പ്പന്തിനും, കമുകിന്‍ഗാലറികര്‍ക്കും നല്‍കാന്‍ കഴിയുന്ന സവിശേഷ ബന്ധത്താലാണ്.. അവിടെ അലക്കി വെളുപ്പിച്ച വെള്ളത്തുണിയില്‍ വീഴുന്ന കാല്‍പ്പന്തിന്റെ അടയാളങ്ങള്‍ സ്‌നേഹത്തിന്‍ അലിഞ്ഞു പോകുന്നു.. ചായയും വെള്ളവും സല്‍ക്കാരവും സ്‌നേഹത്തില്‍ ചാലിച്ച് മതവും ജാതിയും തീണ്ടാത്ത മലപ്പുറത്തിന്റെ സ്‌നേഹം അനുഭവിച്ചവര്‍ക്ക് ഗൃഹാതുരത്വം ഏറെ നല്‍കുന്നുണ്ട് ഈ ചിത്രം.

മനുഷ്യബന്ധങ്ങള്‍ മരുഭൂമികളാകുന്ന ലോകത്ത് മനുഷ്യര്‍ യുദ്ധം ചെയ്യുന്നു. യുദ്ധം വെറുപ്പ് സൃഷ്ടിച്ച് ഹത്യകള്‍ നടത്തുന്നു. അഭയാര്‍ത്ഥികളേയും അനാഥരേയും സൃഷ്ടിക്കുന്നു. ഭക്ഷണവും ജലവും അഭയ സ്ഥലികളും നഷ്ടമാക്കുന്നു.. വ്യക്തി ജീവിതങ്ങളിലെ അനാഥതത്വങ്ങളും സമാന സൃഷ്ടി തന്നെയാണ് നടന്നത്. അതിനാല്‍ മജിദും ,സാമുവലും, ഉമ്മയും, രണ്ടാം ബാപ്പയും, നൈജീരിയയിലെ അനുജത്തിമാരും, അമ്മൂമ്മയും ഒന്നാകുന്നു. നായരും ഏലിയും തട്ടമിട്ട പെണ്ണും ഒരു മനമാകുന്നു. ക്രിസ്ത്യാനിയ്ക്കായി മരണാനന്തര കര്‍മ്മം ഇസ്ലാം രീതിയില്‍ സ്വീകരിക്കപ്പെടുന്നു. മമ്പറം നേര്‍ച്ച എണ്ണയും, ഉമ്മച്ചിയുടെ വാച്ചും, ഉമ്മയുടെ കമ്മലും രാജ്യാതിര്‍ത്തിയും, മതവും, നിറവും കടന്ന് സ്‌നേഹ ചിഹ്നങ്ങളായി ഭൂമിയാ കെ പരിമളം പടര്‍ത്തുന്നു…

ഈ സിനിമ കേരളത്തെ ഓര്‍മ്മപ്പെടുത്തുന്നു.. ഇതാ ഈ സിനിമ കേരളത്തെ ഓര്‍മ്മപ്പെടുത്തുന്നു.. ഇതൊരു സ്വര്‍ഗമാകേണ്ട നാടാണ്.. നരകം കണ്ടവര്‍ക്ക് ഇത് സ്വര്‍ഗസമാനമാണ്.. ഇത് നശിക്കരുത്.. ഈ സിനിമ ഒരു പ്രതീക്ഷയാണ്.മജീദിന്റെ വാക്കുകളില്‍ .. ഗോളുകള്‍ക്ക് പിന്നില്‍ നില്‍ക്കുമ്പോഴും, അവസാന വിസില്‍ വരെ സമനിലയെങ്കിലും എത്താമെന്ന തീരാത്ത പ്രതീക്ഷ….പുതിയ, നല്ല മറ്റൊരു ലോകത്തേക്കുറിച്ച്, സ്‌നേഹസമ്പന്നരായ മനുഷ്യരേക്കുറിച്ച് നല്‍കുന്ന വറ്റാത്ത നന്മയുടെ പ്രതീക്ഷയും സന്ദേശവും ഈ സിനിമയെ ലോക സിനിമയാക്കുന്നു. എല്ലാം കൊണ്ടും കെട്ടുപോയെന്നു വിലപിക്കുന്ന സമയത്തും മെഴുതിരി നാളം പോലൊരു ചിത്രം…. അതിന്റെ ദൂരം മലപ്പുറത്തു നിന്നും ലാഗോസി ലേക്കുള്ള ഏറെ നീളുന്ന ആകാശ വഴികളല്ല, സ്‌നേഹത്തിന്റെ നിമിഷദൈര്‍ഘ്യമുള്ള പാതകളാണ്…
മലയാള സിനിമയ്ക്ക് ലോക സിനിമയിലേക്കുള്ള വഴി തെളിക്കുന്നത് ലോകത്തെ ഓരോ മനുഷ്യനും അനുഭവവേദ്യമാകുന്ന നൊമ്പരങ്ങളെ, കൊച്ചു സന്തോഷങ്ങളെ പ്രാദേശിക ഭാഷയുടെ, കാഴ്ചകളുടെ തേന്‍ മധുരത്തില്‍ മുക്കി ദൃശ്യഭാഷ നല്‍കുമ്പോഴാണെന്ന് ഈ ചിത്രം തെളിയിക്കുന്നു.

Advertisement