വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിലെ ഫിലിം മാർക്കറ്റിൽ പ്രദർശനത്തിന് ഇത്തവണ ഒരു മലയാള ചിത്രവും. ടൈനി ഹാൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ നിർമ്മിച്ച് സുധി അന്ന സംവിധാനം ചെയ്ത ‘പൊയ്യാമൊഴി’ എന്ന ചിത്രമാണ് പ്രദർശനത്തിനൊരുങ്ങുന്നത്.
ജാഫർ ഇടുക്കി, നഥാനിയേൽ, മീനാക്ഷി അനൂപ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മെയ് 19ന് രാത്രി 8 മണിക്കാണ് ആദ്യ പ്രദർശനം.
ശരത് ചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം- വിനോദ് ഇല്ലമ്പിള്ളി. എഡിറ്റിംഗ്- അഖിൽ പ്രകാശ്, സംഗീതം, പശ്ചാത്തല സംഗീതം- ബിജിബാൽ, ലിറിക്സ്- എം.ആർ. രേണുകുമാർ, ആർട്ട് ഡയറക്ടർ- നാഥൻ മണ്ണൂർ, സൗണ്ട് ഡിസൈൻ- തപസ് നായിക്.
അതേസമയം മെയ് 14 മുതൽ 25 വരെയാണ് എഴുപത്തിയേഴാമത് കാൻ ഫിലിം ഫെസ്റ്റിവൽ അരങ്ങേറുന്നത്. ഇത്തവണ പ്രധാന മത്സരവിഭാഗമായ പാം ഡി ഓറിൽ പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രവും പ്രദർശിപ്പിക്കുന്നുണ്ട്. 30 വർഷങ്ങൾക്ക് ശേഷം കാനിലെ പാം ഡി ഓർ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം.
യോർഗോസ് ലാന്തിമോസിന്റെ ‘കൈൻഡ്സ് ഓഫ് കൈൻഡ്നെസ്സ്’, ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ‘മെഗലോപൊളിസ്’, അലി അബ്ബാസിയുടെ ‘അപ്രന്റിസ്’ തുടങ്ങീ ചിത്രങ്ങളും ഇത്തവണ പാം ഡി ഓർ മത്സരവിഭാഗത്തിലുണ്ട്.