13 വര്‍ഷത്തെ ഇടവേളയ്ക്കുള്ളിലെടുത്ത രണ്ടു ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും സംവിധായികയുമായ സുഹാസിനി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂരില്‍ ഒരു സിനിമയുടെ ഷൂട്ടിനിടയില്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ സുഹാസിനി വീണ്ടും പുനഃസൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം ഇങ്ങനെയൊരു കുറിപ്പും
”നിങ്ങള്‍ക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വര്‍ഷത്തെ ഇടവേളയില്‍ എടുത്തതാണ് ഈ ചിത്രങ്ങള്‍. ആദ്യത്തേത് ബാംഗ്ലൂരില്‍ ‘എരട്‌നെ മധുവേ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങള്‍ ഷൂട്ടിന് വേണ്ടി അതെ സാരി സംഘടിപ്പിച്ചു. സാരിയോ മോഡലോ ഫോട്ടോഗ്രാഫറോ ഒറിജിനലുമായി പൊരുത്തപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല, പക്ഷേ ഈ ഫോട്ടോ ഒരുപാട് സന്തോഷം നല്‍കുന്നു. നന്ദി ആസ്ത, ഈ കൊളാഷിന്.” സുഹാസിനി കുറിച്ചു
‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി ആദ്യമായി സിനിമയില്‍ അഭിനയരംഗത്തേക്ക് കടക്കുന്നത്. ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ക്യാമറ വിദ്യാര്‍ത്ഥിനി കൂടിയായിരുന്നു സുഹാസിനി ഹാസന്‍.
പിന്നീട് ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ജെ മഹേന്ദ്രന്റെ ‘ഉതിരിപൂക്കള്‍’, ഐവി ശശിയുടെ ‘കാളി’, ജെ മഹേന്ദ്രന്റെ ജോണി തുടങ്ങിയ ചിത്രങ്ങളില്‍ ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ സഹായിയായി സുഹാസിനി പ്രവര്‍ത്തിച്ചു.