ജയസൂര്യയുടെ നൂറാമത്തെ ചിത്രം “സണ്ണി”യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. പ്രേതം 2 ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ സംഗീതജ്ഞനായാണ് ജയസൂര്യ വേഷമിടുക. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവ് ആണ് ഗാനങ്ങള്‍ ഒരുക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഒരു ഹോട്ടലില്‍ മുഴുവന്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും താമസിപ്പിച്ചാണ് ഷൂട്ടിംഗ് നടക്കുക. രഞ്ജിത്തും ജയസൂര്യയും ഒന്നിക്കുന്ന ആറാമത്തെ സിനിമ കൂടിയാണിത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സൂ..സൂ..സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് സിനിമകള്‍.
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് ജയസൂര്യ. ഊമപെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തിയ താരം സിനിമയില്‍ പതിനെട്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
സൂഫിയും സുജാതയും ആണ് ജയസൂര്യയുടെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. മലയാളത്തില്‍ നേരിട്ട് ഒ.ടി.ടി. റിലീസ് ചെയ്ത ചിത്രം കൂടിയാണിത്. വെള്ളം ആണ് നിലവില്‍ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.