റൊമാന്‍സ് ഒക്കെ അഭിനയത്തില്‍ മാത്രമാണ് മോനേ..; പൃഥ്വിരാജിനൊപ്പമുള്ള വീഡിയോയുമായി സുപ്രിയ

അഭിനയിക്കുമ്പോള്‍ മാത്രമാണ് പൃഥ്വിരാജ് റൊമാന്റിക് ആകാറുള്ളുവെന്ന് ഭാര്യ സുപ്രിയ മേനോന്‍. സിനിമാ ജീവിതത്തില്‍ നിന്നും ഇടവേള എടുത്ത് അവധി ആഘോഷിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. ”റൊമാന്റിക് ഭാര്യ, അണ്‍റൊമാന്റിക് നായകനൊപ്പമുള്ള വീഡിയോ പകര്‍ത്തിയപ്പോള്‍” എന്നാണ് ഇരുവരും ഒന്നിച്ചുള്ള വീഡിയോ പങ്കുവച്ച് സുപ്രിയ കുറിച്ചത്.

വിദേശത്തെ വിജനമായ റോഡിലൂടെ പൃഥ്വിരാജ് കാര്‍ ഓടിക്കുന്ന വീഡിയോയാണിത്. ആരാധകടക്കം നിരവധിപ്പേരാണ് കമന്റുകളായി എത്തിയത്. ”രാജുവേട്ടാ ഇച്ചിരി റൊമാന്റിക് ആയിക്കൂടെ? ആ കാഞ്ഞിരപ്പള്ളി അച്ചായനെ പോലെ”, എന്ന കമന്റിന് സുപ്രിയ നല്‍കിയ മറുപടിയും വൈറലായി മാറി. ‘അതെല്ലാം അഭിനയം ആണ് മോനേ’ എന്നായിരുന്നു സുപ്രിയയുടെ മറുപടി.

വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്ന #whyyoucame എന്ന ഹാഷ്ടാഗിന് പിന്നിലൊരു കഥയുണ്ട്. ലൂസിഫര്‍ സിനിമയുടെ പാക്കപ്പ് ദിവസം പൃഥ്വിരാജിന് സര്‍പ്രൈസ് കൊടുക്കാന്‍ എത്തിയ സുപ്രിയയോട് അദ്ദേഹം ചോദിച്ചത് ‘നീയെന്താ ഇവിടെ?’ എന്നായിരുന്നു. ആ കാര്യം കൂടി സുപ്രിയ തന്റെ പുതിയ പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അതേസമയം, എമ്പുരാന്‍ ആണ് പൃഥ്വിരാജിന്റെതായി അടുത്ത വര്‍ഷം റിലീസിന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച് 27ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്റര്‍നാഷണല്‍ ലെവലില്‍ പാന്‍ വേള്‍ഡ് സിനിമ ആയാണ് എമ്പുരാന്‍ പൃഥ്വിരാജ് ഒരുക്കുന്നത്. 2019 മാര്‍ച്ച് 28ന് ആയിരുന്നു ലൂസിഫര്‍ പുറത്തിറങ്ങിയത്.

ലൂസിഫര്‍ വന്‍ വിജയമായതോടെയാണ് രണ്ടാം ഭാഗമായ എമ്പുരാന്‍ പൃഥ്വിരാജ് പ്രഖ്യാപിച്ചത്. 2019 മുതലുള്ള സിനിമാപ്രേമികളുടെ കാത്തിരിപ്പാണ് ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കാന്‍ പോകുന്നത്. ചിത്രത്തില്‍ സയീദ് മസൂദ് എന്ന കഥാപാത്രമായി പൃഥ്വിരാജ് വേഷമിടും. ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, ടൊവിനോ തുടങ്ങി ലൂസിഫറിലെ താരങ്ങളെല്ലാം എമ്പുരാനില്‍ ഉണ്ടാകും.