ഐഎഫ്എഫ്കെ സമാപന ചടങ്ങിന് ക്ഷണിച്ചെന്ന് നടി സുരഭി, ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ലെന്ന് കമൽ

ഐഎഫ്എഫ്കെയുടെ സമാപന ചടങ്ങിന് തന്നെ ഒൗദ്യോഗികമായി ക്ഷണിച്ചുവെന്ന് ദേശീയ പുരസ്കാര ജേതാവ് നടി സുരഭി. എന്നാൽ ചലച്ചിത്ര മേളയുടെ സമാപനത്തിന് ആരെയും ഒൗദ്യോഗികമായി ക്ഷണിക്കുന്ന പതിവില്ലെന്നും എല്ലാവരും പങ്കെടുക്കുകയാണ് പതിവെന്നും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ വ്യക്തമാക്കി.

തന്നെ ഒൗദ്യോഗികമായി ക്ഷണിച്ചുവെന്ന സുരഭിയുടെ പ്രസ്താവനയോട് വിരുദ്ധമായാണ് കമൽ മറുപടി നൽകിയത്. തന്നെ ക്ഷണിച്ചെങ്കിലും പങ്കെടുക്കാൻ കഴിയില്ലെന്ന് സുരഭി ലക്ഷ്മി വ്യക്തമാക്കി. മുൻകൂട്ടി ഏറ്റെടുത്ത ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ സമാപന ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല.

കുറച്ചു ദിവസം മുൻപ് അറിയിച്ചിരുന്നെങ്കിൽ താൻ നിശ്ചയമായും പങ്കെടുക്കുമായിരുന്നുവെന്നും സുരഭി പറഞ്ഞു. ചലച്ചിത്ര മേളയിലേക്ക് ദേശീയ അവാർഡ് ജേതാവായ സുരഭിയെ ക്ഷണിച്ചില്ലെന്ന രീതിയിൽ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതേതുടർന്ന് അക്കാഡമി തന്നെ ക്ഷണിച്ചില്ലെന്ന് സുരഭിയും പരിഭവം അറിയിക്കുകയും ചെയ്തിരുന്നു.