Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

കഠിനാധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തിയ ആളാണ് ദശമൂലം ദാമു, മറ്റുള്ളവര്‍ അദ്ദേഹത്തെ പേടിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു; ട്രോള്‍ വീഡിയോ പങ്കുവെച്ച് സുരാജ്

, 12:30 pm

2009 ല്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഹാസ്യകഥാപാത്രമായിരുന്ന ദാമു വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.. വളരെയധികം ആരാധകരുള്ള ഈ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു ട്രോള്‍ പങ്കുവെച്ചിരിക്കുകയാണ് സാക്ഷാല്‍ സുരാജ് തന്നെ.കഠിനാധ്വാനിയായ ഒരു ചട്ടമ്പി അയാളുടെ ലക്ഷ്യത്തിലെത്തുന്ന കഥയാണ് രസകരമായി വിഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് തന്നെ വിഡിയോ ഷെയര്‍ ചെയ്തതോടെ ആ വിഡിയോ സമൂഹ മാധ്യത്തില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്. അതുല്‍ സജീവാണ് വിഡിയോ എഡിറ്റ് ചെയ്തത്.

അതേസമയം, ദാമുവിന്റെ പിറവി എങ്ങനെയായിരുന്നുവെന്ന് കുറച്ചുനാളുകള്‍ക്ക് മുമ്പ് തിരക്കഥകൃത്ത് ബെന്നി പി നായരമ്പലം വെളിപ്പെടുത്തിയിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ –
അത് തീര്‍ത്തും യാദൃച്ഛികമായി ഉണ്ടായൊരു കഥാപാത്രമാണ്. ഷാഫി ഇങ്ങിനെയൊരു പ്രമേയം പറയുകയും അതിനനുസരിച്ച് എഴുതിത്തുടങ്ങുകയും ചെയ്തപ്പോള്‍ അത്തരത്തിലൊരാള്‍ വേണമായിരുന്നു. എന്റെ നാട്ടുമ്പുറത്തും കൂട്ടുകാര്‍ പറഞ്ഞും അല്ലാതെയുമൊക്കെ ഇത്തരത്തിലുള്ള വ്യാജചട്ടമ്പികളെ എനിക്കറിയാം. നമുക്കെല്ലാവര്‍ക്കും അറിയാം. വിടുവായത്തം മാത്രം പറയുന്ന, പ്രവൃത്തിയില്‍ അങ്ങനെയൊട്ടും അല്ലാത്ത മഹാ പേടിത്തൊണ്ടനായ നാട്ടുമ്പുറം വില്ലന്‍മാര്‍.അവരുടെ പേരുകള്‍ മിക്കപ്പോഴും ദാമു എന്ന മറ്റോ ആയിരിക്കും. ഒരു വട്ടപ്പേരും കാണും.

അങ്ങനെ ഓര്‍ത്തപ്പോഴാണ് ദശമൂലം ദാമു എന്നാക്കിയാലോ എന്നു തോന്നിയത്. അത് എല്ലാവര്‍ക്കും ഇഷ്ടമായി. ഈ വില്ലന്‍മാരുടെ പണി അടികൊള്ളലാണല്ലോ, എന്നിട്ട് ഉഴിച്ചിലും പിഴിച്ചിലുമൊക്കെയായി നടക്കുക. അപ്പോള്‍ ദശമൂലം എന്ന പേര് നന്നായി ചേരും എന്നു തോന്നി. അങ്ങിനെയാണ് ആ പേര് നല്‍കിയത്. സുരാജ് വളരെയധികം രസകരമായിട്ടാണ് ആ കഥാപാത്രമായി മാറിയത്. സെറ്റില്‍ ഒക്കെ ആകെ ചിരി ആയിരുന്നു. ആ ചിരി അതേപടി തിയറ്ററുകളിലും മുഴങ്ങിക്കേട്ടു.

Advertisement