തന്ത്രവും കുതന്ത്രവും അരച്ചു കലക്കിയവന്‍ നായര്‍; 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍' വ്യത്യസ്ത വേഷത്തില്‍ സുരാജ് വെഞ്ഞാറമൂട്

മന്ത്രം പഠിച്ചവന്‍ തന്ത്രിയെന്നും തന്ത്രം പഠിച്ചവന്‍ മന്ത്രിയെന്നുമാണ് നാടന്‍ ചൊല്ല്! അങ്ങനെയെങ്കില്‍ തന്ത്രവും കുതന്ത്രവും അരച്ചുകലക്കിയ നായരെ എന്ത് വിളിക്കണം? ആരാണീ നായര്‍ എന്നല്ലേ? വ്യത്യസ്ത രീതിയിലുള്ള അഭിനയമികവ് കൊണ്ട് മലയാള സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുരാജ് വെഞ്ഞാറമൂട് ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് നായര്‍.

മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേക്ക് ചുവടുവെച്ച് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറിയ സുരാജ് എന്ന കലാകാരന്റെ അഭിനയ വൈവിധ്യത്തെ ചൂഴ്‌ന്നെടുത്തു കൊണ്ടുള്ള പാത്രസൃഷ്ടിയാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ നായര്‍. ഇന്ന് ദശമൂലം ദാമുവിനെ കേന്ദ്രീകരിച്ചുള്ള ഒരു ട്രോള്‍ വായിക്കാതെ നമ്മുടെ ഒരു ദിവസം കടന്നു പോകുന്നില്ലല്ലോ. ആ ചരിത്രത്തെ മാറ്റിയെഴുതാന്‍ തക്ക കുതന്ത്രങ്ങളുടെ കലവറയുമായിട്ടാണ് നായര്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്.

Image may contain: 1 person, smiling

ഈസ്റ്റ് കോസ്റ്റ് വിജയന്‍ തന്നെ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ചിത്രത്തില്‍ സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, നെടുമുടി വേണു തുടങ്ങിയവരും ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. അഖില്‍ പ്രഭാകര്‍, ശിവകാമി, സോനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more

പ്രണയവും ഹാസ്യവും ഇഴ ചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ഛായാഗ്രഹണം അനില്‍ നായര്‍. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷത്തിനു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്.