രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.
ചിത്രത്തിലെ വളരെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സ്പിൻ ഓഫ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’
രാജേഷ് മാധവനും ചിത്ര നായരുമാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാൾ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. സബിൻ ഊരാളുക്കണ്ടിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡോൺ വിൻസെൻറ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.