വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് തന്റെ സിനിമാ ജീവിതം ഗംഭീരമാക്കുന്ന നാടാണ് സൂര്യ. ഇപ്പോഴിതാ മഹാഭാരതത്തിലെ കർണ്ണനായി സൂര്യ എത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘കങ്കുവ’, ഇതുവരെ പേരിടാത്ത സുധ കൊങ്കരയുമായുള്ള ചിത്രം തുടങ്ങീ ഒരുപാട് പ്രൊജക്ടുകളാണ് സൂര്യയുടേതായി പുറത്ത് വരാനുള്ളത്. അതിലേക്കാണ് ഇപ്പോൾ ‘കർണ’ എന്ന ചിത്രം കൂടി വരുന്നത്.
മഹാഭാരതത്തെ ആസ്പദമാക്കി രാകേഷ് ഓംപ്രകാശിന്റെ ‘കർണ’ എന്ന ചിത്രത്തിലൂടെ തന്റെ ബോളുവുഡ് അരങ്ങേറ്റം ഗാംഭീരമാക്കാൻ പോവുകയാണ് തമിഴ് സൂപ്പർ താരം സൂര്യ. രംഗ് ദേ ബസന്തി, ഡൽഹി 6, ഭാഗ് മിൽഖാ ഭാഗ് തുടങ്ങീ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് രാകേഷ് ഓംപ്രകാശിന്റെ മുൻ ചിത്രങ്ങൾ. അതുകൊണ്ട് തന്നെ ഈ ചിത്രത്തിനും പ്രതീക്ഷകൾ ഏറുകയാണ്.
സൂര്യയും രാകേഷ് ഓംപ്രകാശുമായുള്ള കൂടികാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഈയടുത്ത് പ്രചാരം നേടിയതോട് കൂടിയാണ് പുതിയ ചിത്രത്തിന്റെ അഭ്യൂഹങ്ങൾ വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചിരിക്കുന്നത്.
ബിഗ് ബഡ്ജറ്റിൽ രണ്ടു ഭാഗങ്ങളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2024 ൽ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിപ്പിലാണ് ആരാധക ലോകം.