ഉന്‍ രക്തവും എന്‍ രക്തവും...; അമ്പരപ്പിച്ച് 'കങ്കുവ' ട്രെയ്‌ലര്‍, പോരടിച്ച് സൂര്യയും ബോബി ഡിയോളും

സിനിമപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘കങ്കുവ’യുടെ ട്രെയ്‌ലര്‍ പുറത്ത്. ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ്. ട്രെയ്‌ലറിലെ ഗംഭീര വിഷ്വല്‍സും മേക്കിംഗുമാണ് ശ്രദ്ധ നേടുന്നത്. രണ്ട് മണിക്കൂറുനുള്ളില്‍ രണ്ട് മില്യണ്‍ വ്യൂസ് ആണ് ട്രെയ്‌ലര്‍ നേടിയിരിക്കുന്നത്.

സൂര്യയും ബോബി ഡിയോളും തമ്മിലുള്ള പോരാട്ടമാണ് ട്രെയ്‌ലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി ചിത്രമാണ് കങ്കുവ. ഒക്ടോബര്‍ പത്തിന് ആണ് ചിത്രത്തിന്റെ റിലീസ്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. വില്ലന്‍ വേഷത്തിലാണ് ബോബി ഡിയോള്‍ എത്തുന്നത്.

താരത്തിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. 300 കോടി ബജറ്റില്‍ 38 ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തെത്തിയിരുന്നു.

അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്. ദിഷ പഠാനിയാണ് നായിക. ദിഷയുടെയും തമിഴ് അരങ്ങേറ്റ ചിത്രമാണ് കങ്കുവ. നടരാജന്‍ സുബ്രഹ്‌മണ്യം, ജഗപതി ബാബു, യോഗി ബാബു, റെഡിന്‍ കിംഗ്സ്ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അതേസമയം, ചിത്രത്തില്‍ സിജിഐ, ഗ്രാഫിക്സ് എന്നിവയുടെ പിന്തുണയില്ലാതെ യുദ്ധം ചിത്രീകരിക്കാന്‍ 10000 ആര്‍ട്ടിസ്റ്റുകളെയാണ് ഉപയോഗിച്ചത്. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.