താന്‍ ഭാഗഭാക്കാവുന്ന ഒരു സുപ്രധാന സിനിമാ പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന സൂചന പൃഥ്വിരാജ് നല്‍കിയിരുന്നു, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ രാവിലെ പത്തിന് പ്രഖ്യാപനം ഉണ്ടാവുമെന്ന് മാത്രമാണ് പൃഥ്വി അറിയിച്ചിരിക്കുന്നത്.
ഈ പോസ്റ്റ് വൈറല്‍ ആയതോടെ കമന്റ് സെക്ഷനിലും സിനിമാഗ്രൂപ്പുകളിലും സിനിമാപ്രേമികള്‍ ഈ പ്രഖ്യാപനം എന്തായിരിക്കും എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
പല സംവിധായകരുടെയും പേരുകള്‍ ആരാധകര്‍ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരും പറയുന്നത് വേണുവിന്റെ പേരാണ്. ജി ആര്‍ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു.
എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ‘കാപ്പ’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം നാളത്തെ പ്രഖ്യാപനത്തിനു ശേഷമേ പ്രോജക്റ്റ് ഇതുതന്നെയാണോ എന്ന് അറിയാനാവൂ.
മനു വാര്യരുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കുരുതി’യാണ് പൃഥ്വിരാജിന്റേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. മതതീവ്രവാദം വിഷയമാക്കിയ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് എത്തിയത്. ജനഗണമന, ഭ്രമം, തീര്‍പ്പ്, കടുവ, ബറോസ്, ബ്രോ ഡാഡി, വിലായത്ത് ബുദ്ധ, ആടുജീവിതം തുടങ്ങി നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി പുറത്തുവരാനുള്ളത്.