ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ പ്രമുഖ നടിമാര്‍ വരെ തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തി കൊണ്ട് രംഗത്തെത്തുകയാണ്. 2022ല്‍ ‘പടവെട്ട്’ സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയ അതിജീവിത പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്റെ മോശമായ ആരോഗ്യാവസ്ഥയെ കുറിച്ച് പറഞ്ഞാണ് അതിജീവിത പ്രതികരിച്ചിരിക്കുന്നത്.
വലിയ ക്രൂരതയ്ക്കിരയായി ഇപ്പോഴും കിടപ്പിലാണ്. 26-ാമത്തെ വയസിലാണ് ഇത് സംഭവിച്ചത്. ആ സമയത്ത് പഠനം കഴിഞ്ഞ് ജോലി നേടിയിരുന്നു. ഭീകരമായൊരു ഓര്‍മയാണത്. ഇപ്പോഴാണ് തെറാപ്പി മറ്റൊരു തലത്തിലെത്തിയത്. തന്റെ ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകളുമെല്ലാം സ്ത്രീകളാണെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു.
വര്‍ഷങ്ങളായുള്ള തന്റെ സുഹൃത്തും എല്ലാമായ ഒരു വ്യക്തി നിഴല്‍ പോലെ കൂടെയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കുടുംബവും എല്ലാവരും ചേര്‍ന്ന് ആ ബന്ധം നിയമപരമാക്കി. ഒരു പെണ്‍കുട്ടി അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെ വിവാഹം ചെയ്യുന്നത് പോലും ട്രോമയിലിരുന്നു കൊണ്ടാണ്. ആശുപത്രിയിലായിരുന്നു മാസങ്ങളോളം. ചില സമയത്ത് നടക്കാന്‍ പറ്റില്ല.
എനിക്ക് ആരുടെയും സഹതാപത്തിന്റെ ആവശ്യമില്ല. എന്റേതെന്ന് പറയാവുന്ന മനുഷ്യര്‍ എനിക്കായി അനുകമ്പ പ്രകടിപ്പിക്കുന്നുണ്ട്. അതുമതി എനിക്ക്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിജീവിതമാര്‍ക്ക് ശബ്ദമുണ്ടെന്ന് പറയാന്‍ എനിക്ക് തോന്നിയിരുന്നു. അതിജീവിച്ചവര്‍ ജീവിക്കാന്‍ പോലും കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അവരെ സംബന്ധിച്ചിടത്തോളം 24 മണിക്കൂറെന്നത് 24 വര്‍ഷങ്ങള്‍ക്ക് തുല്യമാണ്. അതൊന്നും ഇവിടെ വന്ന് ആരുടേയും മുന്നില്‍ അവര്‍ സംസാരിക്കണമെന്നില്ല. റേപ്പിസ്റ്റുകള്‍ക്ക് ഈ ധൈര്യം കിട്ടുന്നത് സിനിമാ ഇന്‍ഡസ്ട്രി ആയതുകൊണ്ട് മാത്രമാണ്. കോവിഡ് സമയത്താണ് ദുരനുഭവമുണ്ടായത്. തന്നെ ബലാത്സംഗം ചെയ്തതാണെന്ന് അവര്‍ക്ക് മനസിലായി.
ജീവനോടെ പുറത്തുവിട്ടാല്‍ താനിത് വെളിപ്പെടുത്തുമെന്നും നിയമപരമായി മുന്നോട്ടുപോവുമെന്നും അവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട് രണ്ട് വര്‍ഷം എന്നെ അടിച്ചമര്‍ത്തിവെച്ചു. 64 കിലോയില്‍ നിന്ന് 28 കിലോ ശരീരഭാരത്തിലെത്തി ഞാന്‍. അവര്‍ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്നും പണം തരാമെന്നും പറഞ്ഞു. ലിജു കൃഷ്ണയ്ക്കുവേണ്ടി പലരും ഇടപെട്ടിരുന്നുവെന്നും അതിജീവിത വെളിപ്പെടുത്തി.