സിനിമകളുടെ റിലീസിനോട് അനുബന്ധിച്ച് താരങ്ങള്‍ ഇനി തിയേറ്ററിലേക്ക് വരണ്ടെന്ന് തെലങ്കാന സര്‍ക്കാര്‍. ‘പുഷ്പ 2’ റിലീസിനിടെ നടന്‍ അല്ലു അര്‍ജുന്റെ തിയേറ്റര്‍ സന്ദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും ഇവരുടെ മകന്‍ കോമയില്‍ ആവുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് തെലങ്കാന സര്‍ക്കാര്‍ പുതിയ നടപടികള്‍ എടുത്തിരിക്കുന്നത്.
സിനിമകളുടെ പ്രചാരണത്തിന്റെ ഭാഗമായി താരങ്ങളുടെ തിയേറ്റര്‍ സന്ദര്‍ശനം അനുവദിക്കില്ലെന്ന് നിയമസഭയില്‍ അറിയിച്ചിരിക്കുകയാണ് തെലങ്കാന സിനിമാട്ടോഗ്രഫി വകുപ്പ് മന്ത്രി വെങ്കട് റെഡ്ഡി. അധിക ഷോകള്‍ അനുവദിക്കില്ല. സിനിമാ വ്യവസായത്തിന്റെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നത് തുടരും.
പുഷ്പ 2 അടക്കം മുന്‍നിര താരങ്ങള്‍ അഭിനയിക്കുന്ന ബിഗ് ബജറ്റ് സിനിമകളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. പ്രതീക് ഫൗണ്ടേഷനില്‍ നിന്ന് 25 ലക്ഷം രൂപ കുടുംബത്തിന് നല്‍കുമെന്ന് വെങ്കട്ട് റെഡ്ഡി അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കിംസ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ച അദ്ദേഹം 25 ലക്ഷം രൂപയുടെ ചെക്ക് പിതാവ് ഭാസ്‌കറിന് കൈമാറി.
അവശനിലയില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സാചിലവ് സര്‍ക്കാര്‍ തുടര്‍ന്നും വഹിക്കുമെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പ് നല്‍കി. അല്ലു അര്‍ജുനോ സിനിമാ യൂണിറ്റിലെ മറ്റേതെങ്കിലും അംഗമോ കുടുംബത്തെ ആശ്വസിപ്പിക്കാനോ പരിക്കേറ്റ കുട്ടിയെ കാണാനോ പോയിട്ടില്ലെന്ന് വെങ്കട് റെഡ്ഡി പറഞ്ഞു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ ഉറപ്പുനല്‍കി. നേരത്തെ, നിയമസഭയില്‍ സംസാരിച്ച മുഖ്യമന്ത്രി, പൊലീസ് അനുമതി നിഷേധിച്ചിട്ടും തിയേറ്റര്‍ സന്ദര്‍ശിച്ച നടന്‍ അല്ലു അര്‍ജുനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ താന്‍ റോഡ് ഷോ നടത്തിയിട്ടില്ലെന്ന് വിശദീകരിച്ച് അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു.