രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് അവസാനമായി അഭിനയിക്കാന്‍ പോകുന്ന ചിത്രമാണ് ദളപതി 69. പ്രിയ താരത്തിന്റെ അവസാന ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്. എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭഗവന്ത് കേസരി’ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ദളപതി 69 എന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. ഇത് ശരി വയ്ക്കുന്ന അപ്‌ഡേറ്റ് ആണ് നടന്‍ വിടിവി ഗണേഷ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അഞ്ച് തവണ വിജയ് ബാലയ്യയുടെ ഭഗവന്ത് കേസരി കണ്ട ശേഷമാണ് റീമേക്ക് എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് ഗണേഷ് പറയുന്നത്.
വിജയ് അഞ്ച് തവണ ഭഗവന്ത് കേസരി കണ്ടെന്നും ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനായി സിനിമയുടെ സംവിധായകന്‍ അനില്‍ രവിപുടിയെ സമീപിച്ചെന്നും വിടിവി ഗണേഷ് പറഞ്ഞു. എന്നാല്‍ റീമേക്ക് സിനിമ ചെയ്യാന്‍ താല്പര്യമില്ലാത്തതിനാല്‍ അനില്‍ അത് സ്വീകരിക്കാതെ ഒഴിഞ്ഞുമാറി എന്നും ഗണേഷ് വ്യക്തമാക്കി.
ഒരുപാട് സംവിധായകരാണ് വിജയ്യുടെ അവസാനത്തെ സിനിമ ചെയ്യാനായി കാത്തിരുന്നത് അപ്പോഴാണ് അനില്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറിയത്. എന്തുകൊണ്ടാണ് വിജയ് സാര്‍ സിനിമ അഞ്ച് വട്ടം കണ്ടതെന്നറിയാന്‍ ഞാന്‍ പിന്നീട് സിനിമ പോയി കണ്ടു നോക്കുകയും ചെയ്തിരുന്നു എന്നും വിടിവി ഗണേഷ് പറഞ്ഞു.
അതേസമയം, ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് ദളപതി 69 എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. വിജയ്ക്കൊപ്പം പൂജ ഹെഗ്ഡെ, മമിതാ ബൈജു, ബോബി ഡിയോള്‍, ഗൗതം മേനോന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ബാലയ്യയുടെ ഭഗവന്ത് കേസരി.