പ്രശംസകളേറെ, എന്നാല്‍ തിയേറ്ററില്‍ പരാജയം, ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്യാനാകാതെ 'തങ്കലാന്‍; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ബോക്‌സ് ഓഫീസില്‍ വിജയം നേടാനാകാതെ ‘തങ്കലാന്‍’. പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം ചിയാന്‍ വിക്രത്തിന്റെ വമ്പന്‍ മേക്കോവര്‍ കൊണ്ടായിരുന്നു ശ്രദ്ധ നേടിയത്. ഫസ്റ്റ് ലുക്ക് വന്നപ്പോള്‍ തന്നെ ഹൈപ്പ് നേടിയ ചിത്രത്തിന് തിയേറ്ററില്‍ അധികം ശോഭിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് സിനിമയുടെ കളക്ഷന്‍ സൂചിപ്പിക്കുന്നത്.

150 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോള തലത്തില്‍ നിന്ന് 72 കോടി മാത്രമാണ് നേടാനായത് എന്നാണ് പിങ്ക്‌വില്ല പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 37 കോടി രൂപയാണ് തങ്കലാന്‍ തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ഇത് തങ്കലാനൊപ്പം പുറത്തിറങ്ങിയ ‘ഡിമോണ്ടെ കോളനി 2’ വിനേക്കാള്‍ കുറവാണ് എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന് 11.75 കോടിയാണ് ലഭിച്ചത്. കേരളത്തില്‍ നിന്നും 3 കോടി മാത്രമാണ് ചിത്രത്തിന് ഇവിടെ നിന്ന് നേടാനായത്. ചിത്രം 100 കോടി കടന്നെന്ന വാര്‍ത്ത നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ അത്രയും നേടാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ നാഷണല്‍ അവാര്‍ഡിന് അര്‍ഹമായ പ്രകടനമാണ് വിക്രം കാഴ്ചവച്ചിരിക്കുന്ന എന്ന അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഓഗസ്റ്റ് 15ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് അധിനിവേശകാലത്ത് സ്വര്‍ണം ഖനനം ചെയ്യാനിറങ്ങുന്ന മനുഷ്യരുടെ ജീവിതവും അതിജീവനവുമാണ് തങ്കലാന്റെ പ്രമേയം.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ ആണ് ചിത്രം നിര്‍മിച്ചത്. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാര്‍ഡ് ജേതാവുമായ ജി വി പ്രകാശ്കുമാര്‍ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വഹിച്ചു. എസ് എസ് മൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച തങ്കലാന് സംഘട്ടനം ഒരുക്കിയത് സ്റ്റന്നര്‍ സാം ആണ്.