കേരളത്തില്‍ അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് വിജയം കൊയ്ത ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. വലിയ താരനിര ഇല്ലാതിരുന്നിട്ടും വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഏരീസ് പ്ലക്സില്‍ ലൂസിഫറിനെ വരെ കടത്തിവെട്ടിയ മുന്നേറ്റമായിരുന്നു തണ്ണീര്‍മത്തന്റേത്. ഇപ്പോഴിതാ തണ്ണീര്‍മത്തന്‍ ടീം മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുകയാണ്.
തണ്ണീര്‍മത്തനില്‍ ജയ്‌സന്റെ സഹോദരന്‍ ജോയ്‌സണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡിനോയ് പൗലോസാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. പ്ലാന്‍ ജെ സിനിമാസിന്റെ ബാനറില്‍ ജോമോന്‍ ടി. ജോണ്‍ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ ഡിനോയ് തന്നെയാണ് നായകനും. ചിത്രത്തിന്റെ രചനയും ഡിനോയ് തന്നെയാണ് നിര്‍വ്വഹിക്കുന്നത്. തണ്ണീര്‍മത്തന്റെയും തിരക്കഥ ഒരുക്കുന്നതില്‍ ഡിനോയ് പങ്കാളിയായിരുന്നു.
ജോമോന്‍ ടി. ജോണ്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഷമീര്‍ മുഹമ്മദ് ആണ് നിര്‍വ്വഹിക്കുന്നത്. ജാതിക്കാ തോട്ടം എന്ന സൂപ്പര്‍ ഹിറ്റ് ഗാനമൊരുക്കിയ ജസ്റ്റിന്‍ തന്നെ ആണ് പുതിയ ചിത്രത്തിനായും സംഗീതം ഒരുക്കുക.