മോഹന്‍ലാല്‍ തിരിതെളിച്ചു, മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് ശ്രീലങ്കയില്‍ തുടക്കം

മലയാളസിനിമ പ്രക്ഷേകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് ശ്രീലങ്കയില്‍ തുടക്കമായി. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് ഇത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്‍, നയന്‍താര തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ-പ്രൊഡ്യൂസര്‍മാരായ സുഭാഷ് ജോര്‍ജ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍. സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ, സലിം ഷാര്‍ജ, അനുര മത്തായി, തേജസ് തമ്പി എന്നിവരും തിരിതെളിയിച്ചു.

മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കൂടി എത്തിയതോടെ പ്രോജക്ടിന് തുടക്കമായി. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക.

ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമാരാണ്. മനുഷ് നന്ദനാണ് ഛായാഗ്രഹണം.