ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികപീഡന ആരോപണം നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിന് ജാമ്യം നൽകരുതെന്ന് പൊലീസ്. കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെയാണ് ഇപ്പോൾ പൊലീസ് രംഗത്തെത്തിയിട്ടുള്ളത്.
മുകേഷിന് ജാമ്യം നൽകരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാളെ സത്യവാങ്മൂലം നൽകും. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ബലാത്സംഗക്കുറ്റമാണ് പ്രതിയ്ക്കെതിരെ ഉയർന്നിരിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്ന് എസ് ഐ ടി അറിയിക്കും. മോശം പെരുമാറ്റം പരാതിയിൽ അഡ്വ ചന്ദ്രശേഖരനും ജാമ്യം നൽകരുതെന്ന് സത്യവാങ്മൂലം നൽകാനുള്ള നിലപാടിലാണ് പൊലീസ്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായത്.
അതേസമയം ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് മുകേഷിന്റെ ഫ്‌ളാറ്റില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചി മരടിലെ ഫ്‌ളാറ്റിലാണ് തെളിവെടുപ്പ് നടന്നത്. പരാതിക്കാരിയായ നടിയുമായാണ് പൊലീസ് സംഘം മുകേഷിന്റെ വില്ലയിലെത്തി തെളിവെടുപ്പ് നടത്തിയത്.
പ്രത്യേക അന്വേഷണ സംഘമാണ് തെളിവെടുപ്പിന് കൊച്ചിയിലെത്തിയത്. രാവിലെ തെളിവെടുപ്പിനെത്തിയ പ്രത്യേക അന്വേഷണ സംഘവുമായി മുകേഷ് സഹകരിച്ചിരുന്നില്ല. തെളിവെടുപ്പിനെത്തിയ അന്വേഷണ സംഘത്തിന് മുകേഷ് ഫ്‌ളാറ്റിന്റെ താക്കോല്‍ കൈമാറാന്‍ തയ്യാറാകാതെ വന്നതോടെ അന്വേഷണ സംഘം മടങ്ങുകയായിരുന്നു.