1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പ്രമേയമാവുന്ന ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത ‘ഫെയ്സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധപിടിച്ചു പറ്റുന്നു. പതിനാറ് സംസ്ഥാനങ്ങളിലെ കലാകാരികളും കലാകാരന്മാരുമാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്.
തന്റെ മതത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് ഉയർന്ന്, സാർവത്രികമായ ഏകത്വം തിരിച്ചറിഞ്ഞ്, സ്ത്രീശാക്തീകരണത്തിനായി തന്റെ ജീവിതം സമർപ്പിച്ച ഒരു സ്ത്രീയുടെ പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ് ചിത്രീകരിക്കുന്നു . അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തനായ അവാർഡ് ജേതാവും സംവിധായകനുമായ മുംബൈയിലെ ഡോ. ഷൈസൺ ഔസേഫിന്റെ സ്വപ്ന സിനിമ കൂടിയാണ് ‘ദി ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ്’.
പാരീസ് സിനി ഫിയസ്റ്റയിൽ ‘ബെസ്റ്റ് വുമൻസ് ഫിലിം’ പുരസ്‌കാരവും കാനഡയിലെ ടൊറന്റോ ഇൻഡിപെൻഡന്റ്റ് ഫിലിം ഫെസ്റ്റിവലിൽ ‘ബെസ്റ്റ് ഹ്യൂമൻ റൈറ്റ്സ് ഫിലിം’ പുരസ്‌കാരവും ഉൾപ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്‌കാരങ്ങളാണ് സിനിമ ഇതുവരെ സ്വന്തമാക്കിയത്. കൂടാതെ ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള പുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.
ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതമാണ് സിനിമയിലൂടെ ഷെയ്സൺ പി ഔസേഫ് പറയുന്നത്. മലയാളം, ഹിന്ദി, സ്‌പാനിഷ് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷൻസിന്റെ്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണ ആണ് ചിത്രം നിർമ്മിച്ചത്. ജയപാൽ അനന്തൻ തിരക്കഥയും ദേശീയ പുരസ്‌കാരം നേടിയ ക്യാമറാമാൻ മഹേഷ് ആനെ ചായാഗ്രാഹണവും നിർവഹിച്ചു. പ്രശസ്ത ചിത്രസംയോജകൻ രഞ്ജൻ എബ്രഹാം ആണ് എഡിറ്റർ. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് അൽഫോൺസ് ജോസഫ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ വത്തിക്കാനിലെ പ്രദർശനം നടന്നത്. ഇതോടുകൂടി വത്തിക്കാനിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാതിയും ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ് സ്വന്തമാക്കി.
വത്തിക്കാനിലെ പലാസോ സാൻ കാർലോയിലെ സല ഫിൽമോറ്റെക്കയിൽ നടത്തിയ പ്രദർശത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാർപാപ്പയ്ക്ക് വേണ്ടിയും ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തുന്നുണ്ട്.
സിസ്റ്റർ റാണി മരിയയായി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് വിൻസി അലോഷ്യസ് ആണ് വേഷമിടുന്നത്. ജീത്ത് മത്താറു, സോനലി മൊഹന്തി, പൂനം, സ്നേഹലത, പ്രേംനാഥ് തുടങ്ങീ അന്യഭാഷാ താരങ്ങളും അജീഷ് ജോസ്, ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്‌ന, ദിവ്യ, മനോഹരിയമ്മ തുടങ്ങീ താരങ്ങളുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
കേരളത്തിൽ നവംബർ 17 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.