ബുക്ക് മൈ ഷോക്ക് പണി കിട്ടില്ല; കേരള സർക്കാർ ആപ്പായ 'എന്റെ ഷോ'യുമായി സഹകരിക്കില്ലെന്ന് 'ഫിയോക്'

സിനിമ ടിക്കറ്റ് ബുക്കിങ്ങിനായി കഴിഞ്ഞ മാസമാണ് ‘എന്റെ ഷോ എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ കേരള സർക്കാർ വികസിപ്പിചത്. . ജനുവരി ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

എന്നാൽ ‘എന്റെ ഷോ’ ആപ്പിനോട് സഹകരിക്കില്ല എന്നാണ് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് പറയുന്നത്. ടിക്കറ്റുകൾ ഏത് സംവിധാനം വഴിയാണ് വിൽക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം തിയേറ്ററുകൾക്കാണ് എന്നാണ് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചത്. സർക്കാരിന്റെ ഒരു പദ്ധതിയും നേരാംവണ്ണം നടപ്പായിട്ടില്ല. ആളുകൾ ക്യൂ നിൽക്കുമ്പോൾ ആപ്പ് പണിമുടക്കിയാൽ ടിക്കറ്റ് നൽകാനാകില്ല എന്നും വിജയകുമാർ ആരോപിച്ചു.

“സർക്കാരിന്റെ ഒരു പദ്ധതിയും നേരാംവണ്ണം നടപ്പായിട്ടില്ല. ആളുകൾ ക്യൂ നിൽക്കുമ്പോൾ ആപ്പ് പണിമുടക്കിയാൽ ടിക്കറ്റ് നൽകാനാകില്ല. സർക്കാർ സേവനദാതാവായി നിശ്ചയിക്കുന്ന ഏജൻസിയിലേക്കാണ് ടിക്കറ്റ് തുക പൂർണമായി പോകുന്നത്. അതിൽനിന്ന് പിന്നീടാണ് വിതരണക്കാർക്കും നിർമാതാക്കൾക്കും നൽകേണ്ട വിഹിതമുൾപ്പെടെ തിയേറ്ററുടമകളുടെ അക്കൗണ്ടിലേക്കെത്തുന്നത്.

ടിക്കറ്റ് തുകയിൽനിന്ന് ഒന്നര രൂപ സേവനദാതാവിനാണ്. തിയേറ്ററുകൾക്ക് സർക്കാരിൽനിന്ന് തുക കൃത്യസമയത്ത് കിട്ടുമെന്ന് ഉറപ്പില്ല. പണം കൈകാര്യം ചെയ്യുന്നത് സർക്കാർ നിയന്ത്രണത്തിലാകുന്നതോടെ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വരെ എടുത്തുപയോഗിച്ചേക്കാം. അതുകൊണ്ട് സംവിധാനം നടപ്പാക്കാൻ അനുവദിക്കില്ല.

സർക്കാർ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിൽ നടപ്പാക്കിയപ്പോൾ പരാജയമായിരുന്നു. ‘എന്റെ ഷോ’ ആദ്യം ഒരു വർഷം സർക്കാർ തിയേറ്ററുകളിൽ പരീക്ഷിച്ച് വിജയിക്കട്ടെ. എന്നിട്ട് മറ്റു തിയേറ്ററുകളുടെ കാര്യം ആലോചിക്കാം. മാളുകളിലെ വലിയ മൾട്ടിപ്ലക്സുകളും ഇതിനോട് യോജിക്കാൻ സാധ്യതയില്ല. ‘എന്റെ ഷോ’യെ പരിചയപ്പെടുത്തിയപ്പോൾ തന്നെ ആശങ്കകൾ അറിയിച്ചിരുന്നു. അത് ദൂരീകരിക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തിയേറ്ററുകളിലെ കൃത്യമായ വരുമാന വിവരം നിർമാതാക്കൾക്കും ചലച്ചിത്ര ക്ഷേമനിധി ബോർഡിനും എളുപ്പത്തിൽ ലഭ്യമാക്കാൻ തയ്യാറാണ്. ” എന്നാണ് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞത്.

നിലവിലെ ടിക്കറ്റ് ബുക്കിങ് ആപ്പായ ‘ബുക്ക് മൈ ഷോ’യിലൂടെയുള്ള സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സർക്കാർ പുതിയ ആപ്പ് വികസിപ്പിച്ചത്. 1.50 രൂപയാണ് ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സർക്കാരിന് ലഭിക്കുന്നത്. ബുക്കിംഗ് ചാർജ് തിയേറ്ററുകളാണ് തീരുമാനിക്കുന്നത്. എന്നാൽ ഫിയോകിന്റെ പുതിയ നിലപാട് വന്നതോടുകൂടി സർക്കാർ ആണ് ആശയക്കുഴപ്പത്തിലായിരിക്കുന്നത്.

ബുക്ക് മൈ ഷോയിലൂടെ സിനിമ ടിക്കറ്റെടുക്കുമ്പോൾ ഒരു ടിക്കറ്റിൽ നിന്നും 35 രൂപയാണ് ചാർജ് ഈടാക്കുന്നത്. മാത്രമല്ല ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ ഭീമമായ തുക നഷ്ടവും സംഭവിക്കുന്നുണ്ട്. എന്റെ ഷോ ആപ്പ് ലോഞ്ച് ആവുന്നതിലൂടെ ഈ നഷ്ടം നികത്താവുമെന്നാണ് സർക്കാർ പറയുന്നത്.
ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ കെ. എസ്. എഫ്. ഡി. സി പ്രതിനിധികളുമായിരുന്നു കഴിഞ്ഞ മാസം  ആപ്പിന്റെ പ്രവർത്തനം വിശദീകരിച്ചത്.