'സർക്കാർ അന്വേഷിക്കും, വിൻസിയുടെ പരാതി ഗൗരവമുള്ളത്'; സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടിയെന്ന് സജി ചെറിയാൻ

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ. നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്ന് സജി ചെറിയാൻ പറഞ്ഞു. ഷൈൻ ടോം ചാക്കോക്കെതിരായ പരാതി സർക്കാർ അന്വേഷിക്കുമെന്നും ഇത്തരം പ്രവണതകൾ വച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം പൊലീസിന്റെ ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലാണെന്നാണ് സൂചന. ഷൈനിന്റെ ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോൾ നടൻ തമിഴ്നാട്ടിലാണ് എന്ന സൂചനയാണ് ലഭിക്കുന്നത്എ. അതേസമയം ഷൈൻ പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ പ്രതിയല്ലാത്തതിനാൽ തന്നെ നടൻ മടങ്ങിയെത്തുമ്പോൾ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്. അതേസമയം ഷൈനെ രക്ഷപ്പെടാൻ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയ ഷൈൻ ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് സൂചന.

ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ രക്ഷപെട്ടത് ബൈക്കിലാണെന്ന് പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. ബോൾഗാട്ടിയിലെത്തിയ ഷൈൻ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറി എടുത്തു. തുടർന്ന് പുലർച്ചെ തൃശൂർ ഭാഗത്തേക്ക് പോയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അതിനിടെ ഷൈൻ ടോം ചാക്കോക്കെതിരെയുയർന്ന ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും.