Connect with us

FILM NEWS

ദി ഗ്രേറ്റ് ഫാദര്‍ റീമേക്ക് ചെയ്യുന്നു ; ഡേവിഡ് നൈനാന്‍ ആകാന്‍ വിക്രമും വെങ്കിടേഷും

, 1:21 pm

മലയാളത്തില്‍ വിജയക്കൊടി പാറിച്ച മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദര്‍ മറ്റു ഭാഷകളിലേക്ക് റീമേക്കിനൊരുങ്ങുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. തമിഴില്‍ ചിയാന്‍ വിക്രമും തെലുങ്കില്‍ വെങ്കിടേഷുമാണ് നായകരായെത്തുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ ദ ഗ്രേറ്റ് ഫാദര്‍ കളക്ഷന്‍ വിജയം നേടിയിരുന്നു. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തത്.

മികച്ച അഭിനേതാവെന്ന് പേരു കേട്ട ചിയാന്‍ വിക്രം തമിഴ് റീമേക്കില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയിട്ടുണ്ട്. സാമിയുടെ രണ്ടാം ഭാഗത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിക്കുന്നത്. ഗൗതം വാസുദേവ മേനോന്റെ ധ്രുവനച്ചത്തിരം, ആര്‍.എസ് വിമലിന്റെ മഹാവീര്‍ കര്‍ണ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാവും ദി ഗ്രേറ്റ് ഫാദറില്‍ വിക്രം എത്തുക എന്നാണ് സുചന.

നേരത്തെ തെലുങ്ക് സൂപ്പര്‍താരമായ വെങ്കടേഷ് ഗ്രേറ്റ് ഫാദര്‍ റീമേക്ക് ചെയ്യുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം തെലുങ്കിലേക്ക് റീമേക്ക് ചെയ്തത് വെങ്കിടേഷ് ആയിരുന്നു. മാധവന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ഇരുത് സുട്രിന്റെ തെലുങ്ക് പതിപ്പിലും താരം ഈയിടെ അഭിനയിച്ചു.

ദി ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയുടെ ലുക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തെന്നിന്ത്യന്‍ നടി സ്‌നേഹ, ബേബി അനിഘ, മാളവിക മോഹന്‍ എന്നിവര്‍ക്ക് പുറമേ ആര്യയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.