നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനു സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇപ്പോഴിതാ കേസില്‍ നിരുപാധികം മാപ്പ് പറഞ്ഞിരിക്കുകയാണ് ബൈജു കൊട്ടാരക്കര. അപകീര്‍ത്തിപ്പെടുത്തല്‍ തന്റെ ലക്ഷ്യമായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ മറുപടി രേഖാമൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ നടപടി. വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് നടത്തിയതെന്നു ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ നല്‍കിയ ഡ്രാഫ്റ്റ് ചാര്‍ജില്‍ പറയുന്നു. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങളാണ് നടത്തിയത്.
ബൈജു കൊട്ടാരക്കര നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും കോടതിയുടെ അധികാരത്തെ താഴ്ത്തിക്കെട്ടുന്നതുമാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.