‘ദ കേരള സ്റ്റോറി’ പാളിപ്പോയ സീരിയസ് സിനിമയെന്ന് പ്രേക്ഷകര്‍. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോശം തിരക്കഥയും മേക്കിംഗും എന്നാണ് പലരും ചിത്രത്തെ കുറിച്ച് പ്രതികരിക്കുന്നത്. എന്നാല്‍ നല്ല സിനിമയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
”സമയവും പണവും വെറുതെ കളയണമെങ്കില്‍ കേരള സ്റ്റോറി കാണാന്‍ പോകാം. ഇതിനേക്കാള്‍ നന്നായി യൂട്യൂബേഴ്‌സ് വീഡിയോ ഉണ്ടാക്കും. മോശം തിരക്കഥ, മോശം അഭിനയവും കഥ പറച്ചിലും. ഫുള്‍ വേസ്റ്റ്” എന്നാണ് സിനിമ കണ്ട ഒരു പ്രേക്ഷകന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
”കേരള സ്‌റ്റോറി ഒരു പ്രൊപ്പഗാണ്ട ചിത്രമായി കാണാന്‍ പറ്റില്ല, ‘കാലിഫെറ്റ്’ എന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസില്‍ നിന്നും പകര്‍ത്തിയത് പോലുണ്ട്” എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയ മറ്റൊരു പ്രതികരണം. മോശം സിനിമയെന്ന് പറയുമ്പോഴും നല്ല പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
”എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമായിരുന്നു. പ്രത്യേകിച്ചും കാസര്‍ഗോഡ് ഹോസ്റ്റലിലുള്ള റുമേറ്റുകള്‍. നല്ല ഡയലോഗുകള്‍.. മസ്റ്റ് വാച്ച്”, ”ഒരു ടിപ്പിക്കല്‍ ചിത്രമല്ല, സത്യം പറയുന്ന സിനിമ. വിദ്വേഷമില്ല, ചിലരുടെ മാനസികാവസ്ഥയാണ് തുറന്നു കാട്ടുന്നത്. സംവിധായകന്‍ ചിത്രത്തിന് വേണ്ടി ഒരുപാട് പഠിച്ചിട്ടുണ്ട്. അദാ ശര്‍മ്മ നന്നായിട്ടുണ്ട്.”
”പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിക്കുന്ന സിനിമ. അദാ ശര്‍മ്മ ഗംഭീര പ്രകടനം. ക്രൂരമായ ചില ദൃശ്യങ്ങള്‍ കരയിപ്പിക്കും” എന്നിങ്ങനെയാണ് ചില പ്രതികരണങ്ങള്‍. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെയാണ് ദ കേരള സ്റ്റോറി ഇന്ന് തിയേറ്ററുകളില്‍ എത്തിയത്.
സംസ്ഥാന സര്‍ക്കാറും പ്രതിപക്ഷവും ചിത്രത്തിനെതിരെ ഒരുപോലെ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ 15 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കൊച്ചിയിലും കോട്ടയത്തും അടക്കമുള്ള തിയേറ്ററുകളില്‍ പ്രതിഷേധവും അരങ്ങേറിയിരുന്നു.