സിനിമയുടെ ജയ പരാജയങ്ങള്‍ പലപ്പോഴും വിവാദങ്ങളെ അടിസ്ഥാനമാക്കിയും വിലയിരുത്തപ്പെടാറുണ്ട്. ‘ദ കേരള സ്റ്റോറി’യുടെ വിജയവും വിവാദങ്ങളും തമ്മില്‍ വലിയൊരു ബന്ധമുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസര്‍ എത്തിയപ്പോള്‍ മുതല്‍ക്ക് തന്നെ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പല സംഘടനകളും മുന്നോട്ട് വന്നിരുന്നു.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയപ്പോള്‍, മെയ് 5ന് സിനിമ തിയേറ്ററില്‍ എത്തിയപ്പോഴും പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാദങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടാണ് സിനിമ ബോക്‌സോഫീസില്‍ കുതിപ്പ് തുടരുന്നത്. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 50 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ് സിനിമ.
ചൊവ്വാഴ്ച മാത്രം ചിത്രം നേടിയത് 11 കോടി കളക്ഷന്‍ ആണ്. ഇതോടെ 56.72 കോടി കളക്ഷന്‍ ആണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ 8.03 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഞായറാഴ്ച മാത്രം 16.40 കോടി രൂപ ചിത്രം നേടിയിരുന്നു. വിവാദ ചിത്രമായ ‘കശ്മീര്‍ ഫയല്‍സി’നേക്കാള്‍ വേഗത്തിലാണ് കേരള സ്റ്റോറി ബോക്‌സോഫീസില്‍ കുതിച്ചു കൊണ്ടിരിക്കുന്നത്.
18 കോടിയായിരുന്നു ആദ്യ ചൊവ്വാഴ്ച കശ്മീര്‍ ഫയല്‍സ് നേടിയത്. അതേസമയം, തമിഴ്‌നാട്ടിലും ബംഗാളിലും കശ്മീര്‍ ഫയല്‍സ് നിരോധിച്ചിരുന്നു. കേരളത്തില്‍ വിരലിലെണ്ണാവുന്ന ഷോകള്‍ മാത്രമാണ് നടക്കുന്നത്. എങ്കിലും കളക്ഷനില്‍ ചിത്രം കുതിപ്പ് തുടരുകയാണ്.
സുദീപ്‌തോ സെന്‍ സംവിധാനം ചിത്രത്തില്‍ ആദാ ശര്‍മ്മയാണ് നായികയായത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും എത്തിയത് മുതല്‍ വിവാദങ്ങള്‍ ആരംഭിച്ചിരുന്നു. 32000 ത്തോളം പേര്‍ കേരളത്തില്‍ നിന്നും ഐസ്എസിലേക്ക് പോയിട്ടുണ്ട് എന്നാണ് സിനിമ പറയുന്നത്.
വിവാദങ്ങളെ തുടര്‍ന്ന് ഈ കണക്ക് പിന്നീട് മൂന്ന് എന്നാക്കി ട്രെയ്ലറിന്റെ ഡിസ്‌ക്രിപ്ക്ഷനില്‍ തിരുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മധ്യപ്രദേശില്‍ ചിത്രം നികുതിരഹിതമാക്കിയിരുന്നു. ഉത്തര്‍പ്രദേശിലും ചിത്രം നികുതിരഹിതമാക്കിയിരുന്നു.