വിവാദ ചിത്രമായ ‘ദി കേരള സ്‌റ്റോറി’ അടുത്ത വര്‍ഷം ജനുരിയില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍. കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്ന് ആരോപിക്കുന്ന ചിത്രമാണ് ദി കേരള സ്‌റ്റോറി. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് സിനിമയിലൂടെ പറയുന്നത്.
നവംബറില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ ഏറെ വിവാദമായിരുന്നു. അദ ശര്‍മ അവതരിപ്പിക്കുന്ന കഥാപാത്രം താന്‍ ശാലിനി ഉണ്ണികൃഷ്ണന്‍ ആണെന്നും ഒരു നഴ്സ് ആണെന്നും ഇപ്പോള്‍ മതം മാറ്റി ഫാത്തിമ ഭായ് എന്നാക്കിയെന്നും ടീസറില്‍ പറയുന്നു.
അതിന് ശേഷം ഐഎസില്‍ എത്തിച്ചു. ഇപ്പോള്‍ താന്‍ പാക്കിസ്ഥാന്‍ ജയിലിലാണ്. ഇത്തരത്തില്‍ 32000 സ്ത്രീകളെ മതം മാറ്റിയെന്നും കേരളത്തിലെ സ്ഥിതി ഇതാണ് എന്ന് പറയുന്നതാണ് ടീസറിലെ ഉള്ളടക്കം. ഇതിന് പിന്നാലെ 32000 പേരെന്ന കണക്കിനെ ചൊല്ലി വലിയ കോലാഹലങ്ങളും നടന്നിരുന്നു.
എന്നാല്‍ രേഖകളുടെ പിന്‍ബലത്തോടെ ഒരുക്കുന്ന ഒരു യഥാര്‍ത്ഥ കഥയാണ് കേരള സ്റ്റോറീസ് എന്നാണ് സുദീപ്തോ സെന്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഈ വിഷയത്തെ കുറിച്ച് പഠിക്കുന്നു. ഇന്ത്യന്‍ പ്രേക്ഷകര്‍ അനുഭവിച്ചറിയാന്‍ പോകുന്ന അതുല്യമായൊരു കഥയാണിത്.
താന്‍ മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്, ഒരാള്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു, മറ്റൊരാള്‍ ഒളിവിലാണ് എന്നാണ് സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് വിപുല്‍ അമൃത്‌ലാല്‍ ആണ്.