മിമിക്രിയിലെ പുരുഷാധിപത്യം തകര്‍ത്ത ലേഡി സൂപ്പര്‍സ്റ്റാര്‍; ആ ചിരിക്ക് മരണമില്ല !

മിമിക്രിയിലെ പുരുഷാധിപത്യം തകർത്ത സുബി സുരേഷ് ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. തന്റേതായ ഹാസ്യ ശൈലികൊണ്ട് ടെലിവിഷനുകളിലും കോമഡി സ്കിറ്റുകളിലുമായി ശ്രദ്ധ നേടിയ ചലച്ചിത്ര താരവും അവതാരകയും മിമിക്രി ആർട്ടിസ്റ്റ് കൂടിയായിരുന്നു സുബി സുരേഷ്. ‘കുട്ടിപ്പട്ടാളം’ എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിചിരിപ്പിച്ചിരുന്ന സുബിയെ ഓർക്കാത്തവർ ആരുമുണ്ടാകില്ല.

മിമിക്രിയിലൂടെ ശ്രദ്ധ നേടിയ സുബി കൊച്ചിൻ കലാഭവനിലൂടെയാണ് ഹാസ്യരംഗത്തേക്ക് കടന്നു വന്നത്. പിന്നീട് രണ്ടായിരം കാലഘട്ടം മുതൽ കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ സുബി തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പുരുഷന്മാർ മാത്രം കയ്യടക്കിയിരുന്ന കോമഡി സ്കിറ്റുകളിലെ ഏക പെൺതരിയായിരുന്നു സുബി. ഏത് റോളും അഭിനയിച്ച് പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാനുള്ള സുബിയുടെ കഴിവ് മറ്റാർക്കും ഉണ്ടായിരുന്നില്ല.

സ്റ്റേജ് ഹാസ്യ പരിപാടികളിലും അവതാരകയായും തിളങ്ങിയ സുബി പിന്നീട് സിനിമയിൽ സജീവമായെങ്കിലും ടെലിവിഷൻ വിട്ട് വരാൻ തയ്യാറായിരുന്നില്ല. മാത്രമല്ല, കോമഡി ഷോ അവതാരകയായും സുബി പ്രേക്ഷകർക്കിടയിൽ തൻേറതായ സ്ഥാനം ഉറപ്പിച്ചു. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം, കുട്ടിപാചകം, തരികിട പോലുള്ള പ്രോഗ്രാമുകളിലൂടെ തന്റെ കയ്യൊപ്പ് പതിപ്പിക്കുകയും ചെയ്തിരുന്നു. ഏത് പരിപാടിയിലായാലും ചിരിച്ചും ചിരിപ്പിച്ചും മാത്രമേ സുബി കാണാൻ സാധിച്ചിരുന്നുള്ളു. കോമഡി ഷോകളിലും ടെലിവിഷൻ പരിപാടികളിലൂടെയും മാത്രമല്ല, സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും സുബി അഭിനയിച്ചിട്ടുണ്ട്.

സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ സുബി സുരേഷ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. നിരവധി വിദേശ വേദികളിലും സുബി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2006ൽ രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയാണ് സുബി സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഡോൾസ്, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ് തുടങ്ങിയ സിനിമകളിലും സുബി അഭിനയിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ സുരേഷ്- അംബിക ദമ്പതികളുടെ മകളായാണ് സുബി ജനിച്ചത്. സ്‌കൂൾ കാലത്തു തന്നെ നർത്തകിയായി സുബി ശ്രദ്ധിക്കപ്പെട്ടിരുന്നു. കലോത്സവങ്ങളിൽ സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളിൽ മിമിക്രിയും മോണോആക്ടും അന്ന് അവതരിപ്പിച്ചിരുന്നു. തുടർന്ന് കൊച്ചിൻ കലാഭവനിൽ ചേർന്നു. മിനി സ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്ത സുബി സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടതും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയതും. ജീവിതത്തിലെ വലിയ സന്തോഷങ്ങളിൽ ഒന്നായ വിവാഹം തീരുമാനിച്ചിരുന്ന സമയത്ത് ആയിരുന്നു സുബി വിട പറഞ്ഞത്.

കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആണ് സുബി അന്തരിച്ചത്. കരൾ പൂർണമായും പ്രവർത്തന രഹിതമായതിനെ തുടർ‌ന്ന് കരൾ‌ മാറ്റി വയ്ക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. ഇതിനിടെ അപ്രതീക്ഷിതമായി മഞ്ഞപ്പിത്തവും വന്നു. ഇത് ഭേദമായ ശേഷം ശസ്ത്രക്രിയ നടത്താനിരിക്കെയാണ് മരണം സംഭവിച്ചത്.

Read more

മരിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് മോശമായ തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സുബി തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ശരീരവേദന, നെഞ്ചുവേദന, ഗ്യാസ്ട്രിക് പ്രശ്‌നം, ആഹാരം കഴിക്കാൻ പറ്റാത്ത രീതിയിൽ ഛർദിയും ഉണ്ടായിരുന്നതായി സുബി പറഞ്ഞിരുന്നു. തൈറോയിഡും പാൻക്രിയാസിൽ ഒരു സ്റ്റോണും കൂടാതെ, മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ തന്റെ ശരീരത്തിൽ കുറവാണെന്നും സുബി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് വളരെ അധികം നാളുകൾ നടി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. അതിനിടെയിലാണ് കരൾരോഗത്തെ തുടർന്ന് ചികിത്സയിലായത്. പിന്നാലെ 2023 ഫെബ്രുവരി 22ന് മരണം സംഭവിക്കുകയായിരുന്നു. സുബിയുടെ മരണം ഏല്പിച്ച ആഘാതത്തിൽ നിന്നും ഇന്നും സഹപ്രവർത്തകരും ആരാധകരും മുക്തരായിട്ടില്ല.