അല്ലു അർജുനെതിരായ കേസ് പിൻവലിക്കാൻ തയ്യാറെന്ന് സന്ധ്യതിയറ്ററിൽ പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്‌കർ. അപകടത്തിൽ രേവതി മരിക്കാൻ കാരണക്കാരൻ അല്ലു അർജുൻ അല്ലെന്ന് ഭാസ്‌കർ പറഞ്ഞു.
ഡിസംബർ 4-നാണ് പ്രീമിയർ ഷോയ്ക്ക് തൊട്ട് മുൻപ് തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത്. എന്നാൽ ഡിസംബർ 2-ന് തന്നെ അല്ലു വരുന്ന വിവരം അറിയിച്ചിരുന്നുവെന്നാണ് സന്ധ്യ തിയറ്റർ മാനേജ്മെന്‍റ് പറയുന്നത്. എന്നാൽ പുറത്ത് വിട്ട കത്തിൽ പേന കൊണ്ട് എഴുതിയ തരത്തിലാണ് തീയതി ഉള്ളത്. അതേസമയം കത്തിന്‍റെ ആധികാരികത ഉറപ്പ് വരുത്തണമെങ്കിൽ ഇനി പൊലീസ് വിശദീകരണം നൽകണം.
അല്ലു അർജുൻ പ്രീമിയർ ഷോയ്ക്ക് വരുന്ന കാര്യം സന്ധ്യ തിയറ്റർ മാനേജ്മെന്‍റ് അറിയിക്കാൻ വൈകിയെന്ന് നേരത്തെ പൊലീസ് ആരോപിച്ചിരുന്നു. അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം സംഭവത്തിൽ അല്ലു അർജുനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന് ശേഷം അല്ലു അർജുനെ ജയിലിലേക്ക് മാറ്റും.