സിനിമ കാണാൻ കൃത്യസമയത്ത് തിയേറ്ററിൽ എത്തിചേർന്നിട്ടും, ആദ്യം മുതൽ സിനിമ കാണാനുള്ള അവസരം നിഷേധിച്ചതിന് തീയേറ്ററുടമകയ്ക്ക് 50000 രൂപ പിഴ ഈടാക്കി ജില്ലാ ഉപഭോക്തൃ കമ്മീഷൻ.
പെരിന്തൽമണ്ണ പ്ലാസാ തിയേറ്ററിനെതിരേ ഏലംകുളം സ്വദേശികളായ ശരത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖിൽ എന്നിവർ ചേർന്ന് നൽകിയ ഹർജിയിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.2023 എപ്രിൽ 30ന് ‘പൊന്നിയൻ സെൽവൻ 2’ പ്രദർശനം കാണുന്നതിന് വൈകിട്ട് 6.45ന് പരാതിക്കാർ തിയേറ്ററിൽ എത്തുകയും എന്നാൽ, സിനിമ ആരംഭിച്ചിട്ടും തിയേറ്ററിൽ പ്രവേശിക്കാൻ അനുമതി നൽകിയില്ല.
10 മിനിറ്റ് കഴിഞ്ഞാണ് അവർക്ക് പ്രവേശനം ലഭിച്ചത്. തിയേറ്റർ അധികൃതരോട് പരാതി പറഞ്ഞെങ്കിലും പരാതിക്കാരോട് മോശമായാണ് അധികൃതർ പെരുമാറിയത്.
സാധാരണ രാവിലെ 10, ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് നാല്, ഏഴ്, രാത്രി 10 എന്നീ സമയങ്ങളിലാണ് പ്രദർശനം ഉണ്ടാകാറ്. എല്ലാ സിനിമകളും രണ്ടരമണിക്കൂർ ദൈർഘ്യമുള്ളതാണെന്നും ‘പൊന്നിയൻ സെൽവൻ 2’ എന്ന സിനിമ 2.55 മണിക്കൂർ ദൈർഘ്യമുള്ളതാണെന്നും അതിനുശേഷം വൃത്തിയാക്കാനെടുത്തത് രണ്ടു മിനിറ്റ് സമയം മാത്രമാണെന്നും മഴ കാരണം പരാതിക്കാർ ഉൾപ്പെടെയുള്ള ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്ത പ്രേക്ഷകർ വൈകി എത്തുകയാണ് ഉണ്ടായതെന്നും തീയേറ്ററുകാർ കോടതിയെ ബോധിപ്പിച്ചു.
എന്നാൽ സിനിമയുടെ ദൈർഘ്യം കൂടുതലാണെന്ന കാരണത്താൽ സിനിമ പൂർണമായി കാണാനുള്ള അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്നും കോടതി അറിയിച്ചു.