ഫൈറ്റർ, സ്ത്രീ 2, സിങ്കം എഗെയ്ൻ, ഭൂൽ ഭുലയ്യ 3 എന്നിവയുൾപ്പെടെ ബ്ലോക്ക്ബസ്റ്റർ റിലീസുകൾ കൊണ്ട് നിറഞ്ഞ വർഷമായിരുന്നു 2024. എന്നിട്ടും, ബോക്‌സ് ഓഫീസിലെ രാജാവായി ഉയർന്നു നിന്നത് അല്ലു അർജുൻ്റെയും രശ്മിക മന്ദാനയുടെയും പുഷ്പ 2: ദ റൂൾ ആയിരുന്നു. ഇപ്പോഴിതാ ബുക്ക് മൈ ഷോയുടെ വർഷാവസാന റിപ്പോർട്ട് പ്രകാരം 10.8 ലക്ഷം സോളോ കാഴ്ചക്കാരുമായി 2024-ൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയായി കിരീടം ചൂടിയിരിക്കുകയാണ് പുഷ്പ 2: ദി റൂൾ.
2021ലെ പാൻ ഇന്ത്യ സെൻസേഷൻ ആയ പുഷ്പ: ദി റൈസിന്റെ തുടർച്ചയായ പുഷ്പ 2: ദി റൂളിൽ, അല്ലു അർജുൻ രശ്മിക മന്ദാനയ്ക്കും ഫഹദ് ഫാസിലിനും ഒപ്പം പുഷ്പ രാജ് എന്ന തൻ്റെ ഐതിഹാസിക വേഷമാണ് വീണ്ടും അവതരിപ്പിച്ചത്. ഡിസംബർ 5 ന് റിലീസ് ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ഇപ്പോഴും കാഴ്ച വയ്ക്കുന്നത്.
ആദ്യ ദിനം വിമർശനങ്ങൾ കേട്ടെങ്കിലും സമീപകാലത്തെ റെക്കോർഡുകൾ മറികടന്ന് അല്ലു അർജുൻ ചിത്രം പുഷ്പ 2 വിജയകരമായി പ്രദർശനം തുടരുകയാണ്. ഡിസംബർ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം 1500 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയിരിക്കുന്നത്. അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുനിൽ, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പുഷ്പ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത് നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫാന്റസി മിത്തോളജിക്കൽ സിനിമയായ കൽക്കി 2898 AD ആണ്. ഇന്ത്യൻ പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് കൽക്കി 2898 എഡി.
കാശി, കോംപ്ലക്‌സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ചിത്രത്തിൽ ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്. ഈ സയൻസ് ഫിക്ഷൻ ചിത്രം ആഗോളതലത്തിൽ 1100-1200 കോടി രൂപ നേടിയിട്ടുണ്ട്. ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ഇന്ത്യൻ ചിത്രമായി കൽക്കി 2898 എഡി മാറുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കൂടുതൽ ടിക്കറ്റ് വിറ്റതിൽ മൂന്നാം സ്ഥാനത്ത് സ്ത്രീ 2 ആണ്. ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തിയ സ്ത്രീ 2 ഉം മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. വെറും 50 കോടി ബജറ്റിൽ ഒരുക്കിയ ബോളിവുഡിനെ വിറപ്പിച്ച ഹൊറർ ആക്ഷൻ കോമഡി ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിക്കടുത്താണ് കളക്ഷൻ സ്വന്തമാക്കിയിരുന്നത്. 2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ച കൂടിയാണ് ഈ ചിത്രം. സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
അമർ കൗശികാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2018ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം സ്ത്രീയുടെ രണ്ടാം ഭാഗമാണ് ചിത്രം. ഈ വർഷം ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് കൂടിയാണ് ഈ ഹൊറർ-കോമഡി ചിത്രം. അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് സ്ത്രീ 2 വിലെ മറ്റു പ്രധാന അഭിനേതാക്കൾ.