ഒരു ഷോര്‍ട്ട് ഫിലിമിന് സിനിമ സ്റ്റൈല്‍ ഹോര്‍ഡിംഗുകള്‍; 'തുടരും' ശ്രദ്ധേയമാകുന്നു

സ്വാസിക, റാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ “തുടരും” എന്ന ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രതിപക്ഷ ബഹുമാനമില്ലാത്ത ഭര്‍ത്താവിന് പണി കൊടുക്കുന്ന ഭാര്യയുടെ കഥയാണ് ചിത്രം പറയുന്നത്. അള്ള് രാമേന്ദ്രന്‍ എന്ന സിനിമ ഒരുക്കിയ ബിലഹരി ആണ് തുടരും സംവിധാനം ചെയ്തിരിക്കുന്നത്.

ഇതിനിടയിലാണ് നിര്‍മ്മാതാവ് വിനോജ് വടക്കന്റെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിമിന്റെ ഹോര്‍ഡിംഗുകള്‍ നഗരങ്ങളില്‍ ഉയര്‍ത്തിയിരിക്കുന്നത്. ലൈറ്റ് ബോര്‍ഡുകളായാണ് ഇവ വന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞാല്‍ ഭാര്യ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം.

കഷ്ടപ്പാടുകള്‍ക്ക് ഇടയില്‍ സ്വയം തളച്ചിടാതെ ഭര്‍ത്താവിന് ചെറിയ “പണി” കൊടുക്കുന്ന ശക്തയായ സ്ത്രീയെയും ചിത്രത്തില്‍ കാണാം. എന്തിനും ഏതിനും പരാതി പറയുന്ന ഭര്‍ത്താക്കന്‍മാര്‍ക്കുള്ള മുന്നറിയിപ്പാണ് പത്തര മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം.

Read more

ശ്യാം നാരായണന്‍ ടി.കെ രചിച്ച ഷോര്‍ട്ട് ഫിലിമിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജാഫര്‍ ആന്റണി ആണ്. സുദീപ് പളനാട് സംഗീതവും വിജയ് കട്ട്സ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.