തെന്നിന്ത്യൻ ബോക്സ്ഓഫീസ് അടക്കി ഭരിച്ച മുത്തുവേൽ പാണ്ഡ്യനായി സൂപ്പർ സ്റ്റാർ രജനികാന്ത് വീണ്ടുമെത്തുന്നു. ‘ജയിലർ’ ഒന്നാം ഭാഗത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ‘ജയിലർ 2’ എന്ന ചിത്രത്തിനായി നെൽസൺ ദിലീപ് കുമാർ നിർമ്മാണ കമ്പനിയായ സൺ പിക്ചേഴ്സിന്റെ കയ്യിൽ നിന്നും 55 കോടി രൂപ അഡ്വാൻസായി കൈപ്പറ്റി എന്നാണ് തമിഴ് സിനിമയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അനിരുദ്ധ് രവിചന്ദർ തന്നെയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ നൂറ്റിയെഴുപതാം ചിത്രവും ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രങ്ത്തിനും ശേഷമായിരിക്കും ‘ജയിലർ 2’ ന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേ സമയം ചിത്രത്തിൽ വില്ലനായി മലയാളത്തിൽ നിന്നും മമ്മൂട്ടിയാണ് വരുന്നതെന്നും പറയുന്നുണ്ട്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതാണ്.
ബോക്സ്ഓഫീസിൽ ഗംഭീര വിജയമാണ് ജയിലർ കൈവരിച്ചിരുന്നത്. വിജയത്തിന് പിന്നാലെ ചിത്രത്തിന് എന്തായാലും രണ്ടാം ഭാഗം ഉണ്ടാവുമെന്ന് നെൽസൺ സൂചിപ്പിച്ചിരുന്നു. എന്തായാലും രജനിയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ‘ജയിലർ 2’ കൂടി എത്തുമ്പോൾ വളരെ ആവേശത്തിലാണ് ആരാധകലോകം.