പത്തനാപുരം ഗാന്ധിഭവനില്‍ എത്തി നടന്‍ ടി.പി മാധവനെ സന്ദര്‍ശിച്ച് ടിനി ടോം. ടിനി ടോം തന്നെയാണ് ടി.പി മാധവനൊപ്പമുള്ള വീഡിയോ പങ്കുവച്ച് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. വാര്‍ധക്യത്തില്‍ എത്തി നില്‍ക്കുന്ന അദ്ദേഹം കുടുംബവും ബന്ധുക്കളും ഉപേക്ഷിച്ചതിനാല്‍ ഇപ്പോള്‍ ഗാന്ധി ഭവനിലാണ് താമസം.
”ടി.പി മാധവന്‍ ചേട്ടനെ ഗാന്ധി ഭവനില്‍ സന്ദര്‍ശിച്ചു ചേട്ടനെ പൊന്നു പോലെ നോക്കുന്ന സ്ഥാപനത്തിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഒരു കോടി നന്ദി” എന്നാണ് നടനൊപ്പമുള്ള വീഡിയോക്ക് ക്യാപ്ഷനായി ടിനി ടോം കുറിച്ചിരിക്കുന്നത്. ശാരീരികമായി വളരെ ക്ഷീണിച്ച അവസ്ഥയിലാണ് ടി.പി മാധവന്‍. അവശതയിലായ താരത്തിന്റെ പുതിയ വീഡിയോ പുറത്ത് വന്നതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്.
ചിലര്‍ ടി.പി മാധവനെ സന്ദര്‍ശിക്കാന്‍ മടി കാണിക്കുമ്പോള്‍ ടിനി ടോം കാണിച്ച മനസിനെ അഭിനന്ദിക്കുന്നു എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. ഒരു കാലത്ത് ടി.പി മാധവനില്ലാത്ത മലയാള സിനിമകള്‍ തന്നെ കുറവായിരുന്നു. ഇടക്ക് തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു ടി.പി മാധവന്‍.
2015ല്‍ ഹരിദ്വാര്‍ യാത്രക്കിടയില്‍ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. അടുത്തിടെ ഗാന്ധി ഭവനില്‍ കഴിയുന്ന മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യാ നായര്‍ പറഞ്ഞ വാക്കുകള്‍ വാര്‍ത്തയായിരുന്നു. ഗാന്ധി ഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു നവ്യ.
ഗാന്ധിഭവനില്‍ വെച്ച് ടി.പി മാധവനെ കണ്ട നവ്യ വികാരാധീനയായാണ് പ്രതികരിച്ചത്. അദ്ദേഹത്തെ ഇവിടെ കണ്ടപ്പോള്‍ ഷോക്കായെന്നും നാളെ നമ്മുടെയൊക്കെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ലെന്നും നിറകണ്ണുകളോടെ നവ്യ അന്ന് പറഞ്ഞത്.