മലയാളത്തിൽ വ്യത്യസ്തമായ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷക പ്രശംസ നേടിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതുകൊണ്ട് തന്നെ മോഹൻലാലിനെ നായകനാക്കി മലൈക്കോട്ടൈ വാലിഭൻ എന്ന ചിത്രം പ്രഖ്യാപിച്ചത് മുതൽ വളരെ പ്രതീക്ഷയിലാണ് സിനിമ ലോകം. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലിറങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ‘മലൈക്കോട്ടൈ വാലിഭൻ’.
ഇപ്പോഴിതാ സിനിമയെ കുറിച്ച് ശ്രദ്ധേയമായ ഒരു അഭിപ്രായം പറഞ്ഞിരിക്കുകയാണ് ടിനു പാപ്പച്ചൻ. എല്ലാ സീനിലും അടി പ്രതീക്ഷിച്ചുകൊണ്ട് ‘മലൈക്കോട്ടൈ വാലിഭൻ’ സിനിമയ്ക്ക് ടിക്കറ്റെടുക്കരുത് എന്നാണ് ടിനു പാപ്പച്ചൻ പറഞ്ഞത്. വാലിഭനെ ഒരു ആക്ഷൻ ചിത്രമായി കണ്ട് അമിത പ്രതീക്ഷകൾ വെക്കരുതെന്നാണ് ടിനു പറഞ്ഞത്.
ആക്ഷൻ രംഗങ്ങളുള്ള ഒരു ഇമോഷണൽ ഡ്രാമയാണ് ‘വാലിഭൻ’ എന്നും ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ടിനു കൂട്ടിചേർത്തു. ചിത്രത്തിന്റെ സഹ സംവിധായകൻ കൂടിയാണ് ടിനു പാപ്പച്ചൻ.
പി. എസ് റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ചിത്രം അടുത്ത വർഷം ജനുവരി 25 നാണ് റിലീസ് ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ പ്രശാന്ത് പിള്ളയാണ് സംഗീതം നൽകുന്നത്.
അതേ സമയം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘ചാവേർ’ സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുന്നുണ്ട്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും ചിത്രത്തിലുണ്ട്.