‘2018’ സിനിമ കണ്ട് ജൂഡ് ആന്തണിക്കും താരങ്ങള്‍ക്കും അഭിനന്ദനങ്ങളുമായി എംപി ടി.എന്‍ പ്രതാപന്‍. ഈ ചിത്രം എന്തേ മലയാളത്തില്‍ മാത്രമായി നിര്‍മ്മിച്ചു എന്ന പരിഭവമാണ് ടി.എന്‍ പ്രതാപന്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവതരണ രീതിയിലടക്കം സംവിധായകന്‍ ജൂഡ് ആന്റണിയെ അഭിനന്ദിച്ച പ്രതാപന്‍, നമ്മള്‍ തമ്മിലൊന്ന് വൈകാതെ കാണണം എന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
ടി.എന്‍ പ്രതാപന്റെ കുറിപ്പ്:
സങ്കുചിത സങ്കല്‍പ്പങ്ങളുടെ സമവാക്യങ്ങളാല്‍ മനസ്സിലും മണ്ണിലും മതിലുകെട്ടി മനുഷ്യര്‍ അകന്നു തുടങ്ങിയ കാലത്ത് മതവും പണവും പ്രതാപവും ജാതിയും വംശീയ-വര്‍ഗ്ഗീയ വിചാരങ്ങളുടെ കടുംകെട്ടുകളും ബാധിക്കാതെ ഒരുമയുടെ, സ്വരുമയുടെ ഓര്‍മ്മപ്പെടുത്തലായിരുന്നു നമുക്ക് പ്രളയകാലം. ഗൃഹാതുര-കാല്പനിക ഭാവങ്ങളുടേതുമാത്രമായി നമ്മള്‍ കണ്ടിരുന്ന മഴ മേഘസ്‌ഫോടനം പോലെ നമുക്കിടയിലേക്ക് പെയ്തിറങ്ങിയ ആ നാളുകള്‍. ഇരുട്ടുകുത്തി നിന്നിറങ്ങിയ പേമാരി ഭരിച്ച പകലിരവുകള്‍. ഭീതിയിലാഴ്ന്ന ഒരു ജനത. ഓരോ വീടുകളും തുരുത്തുകളായത്. മലയിടിഞ്ഞും മണ്ണൊലിച്ചും മനുഷ്യരും അവരുടെ സമ്പത്തും സ്വരുക്കുകൂട്ടിയ സ്വപ്നങ്ങളും മറഞ്ഞുപോയത്. പുഴകളും കായലുകളും ഒടുവില്‍ കടലും ഒന്നായി ഈ നാടുതന്നെ എന്നെന്നേക്കുമായി എടുത്തുപോകുമോ എന്ന ആശങ്ക പറഞ്ഞ നാളുകള്‍.
അവിടെ നമ്മള്‍ ഭീതിയെ മറികടന്നതിന്റെ, ഒരുമിച്ചു നിന്നതിന്റെ, മതവും ജാതിയും നോക്കാതെ കൈനീട്ടിയതിന്റെ, പിടിച്ചുകയറ്റിയതിന്റെ കഥയാണ് 2018. (ഇനിയങ്ങോട്ട് ചെറിയ ചെറിയ സ്‌പോയ്‌ലര്‍ ഉണ്ടെന്ന അലേര്‍ട്ട് ഇവിടെ ചേര്‍ക്കുന്നു). കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉഡുപ്പി ചിക്കമംഗളൂര്‍ മണ്ഡലങ്ങളില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിരീക്ഷകനായി അവിടെ കാമ്പ് ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ചയാണ് കേരളത്തില്‍ മടങ്ങിയെത്തിയത്. നേരെ വയനാട്ടില്‍ നടക്കുന്ന കെപിസിസി നേതൃക്യാമ്പിലേക്ക്. പരിപാടി കഴിഞ്ഞ് ചുരമിറങ്ങുമ്പോള്‍ ആദ്യം ചെയ്യാനുള്ള കാര്യം 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രം കാണുകയായിരുന്നു. കോഴിക്കോട് കൈരളിയില്‍ ഇന്നലെ രാത്രി സെക്കന്റ് ഷോക്ക് ടിക്കറ്റെടുത്തു. രമയെയും മകള്‍ ആന്‍സിയെയും ഞാന്‍ വയനാട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഒരുമിച്ച് സിനിമ കാണാം എന്നതുതന്നെയായിരുന്നു ഉദ്ദേശം.
കടലിന്റെ രൗദ്രഭാവങ്ങളോട് മല്ലടിച്ച് എല്ലാം തകര്‍ന്നും നഷ്ടപ്പെട്ടും നില്‍ക്കുമ്പോഴും വഞ്ചിയും പങ്കായവുമേറ്റി മത്സ്യത്തൊഴിലാളികള്‍ നടത്തിയ അനുപമവും അത്ഭുതകരവുമായ രക്ഷാപ്രവര്‍ത്തനത്തിന്റെ, പോലീസും പട്ടാളവും, എന്‍ജിഒകളും, വളണ്ടിയര്‍മാരും, സാധാരണ ജനങ്ങളും കൂട്ടായി നടത്തിയ അതിജീവനത്തിന്റെ കഥ. കേരളത്തിന്റെ സൗഹൃദത്തിന്റെ, സഹജീവനത്തിന്റെ, സഹിഷ്ണുതയുടെ, സമഭാവനയുടെ കഥ. ദി റിയല്‍ കേരള സ്റ്റോറി! ഇതുപോലെ ഒരു സിനിമ ഒരുക്കുമ്പോള്‍ ഒരു ഡോക്യുഫിക്ഷനിലേക്ക് ക്രാഫ്റ്റ് വഴുതിപ്പോകാനുള്ള സാധ്യത വളരെയേറെയാണ്. അല്ലെങ്കില്‍ ഫിക്ഷന്റെ എല്ലാ അവസരങ്ങളും ഉപയോഗിച്ച് ഒരു കാഴ്ച്ചവിരുന്നാക്കണം. എന്നാല്‍ ഈയടുത്ത് നമ്മള്‍ കണ്ടനുഭവിച്ച, നമ്മുടെ മനസ്സിലും കണ്ണിലും മായാതെ കിടക്കുന്ന സംഭവ വികാസങ്ങളാണ് 2018ലേത്. അത്രമേല്‍ ശ്രദ്ധയോടെ പക്ഷെ അണിയറ പ്രവര്‍ത്തകര്‍ ഇത് നിര്‍മ്മിച്ചിട്ടുണ്ട്. ജൂഡ് ആന്തണിയുടെ ഫിലിംമേക്കിങ്ങും നരേട്ടീവും മലയാള സിനിമക്ക് അപാരമായ മുതല്‍ക്കൂട്ടാണ് എന്നതില്‍ സംശയമില്ല.
രാജ്യാന്തര നിലവാരത്തിലേക്ക് മലയാള സിനിമാ ഭാവുകത്വത്തെ നയിക്കുന്ന ഈ ചിത്രം എന്തേ മലയാളത്തില്‍ മാത്രമായി നിര്‍മ്മിച്ചു എന്ന പരിഭവം ഞാന്‍ തുറന്നുപറയട്ടെ. എന്നാല്‍ ഇതിലൊരു തനിമയുണ്ട് എന്നത് വേറെകാര്യം. നമ്മുടെ ഭാഷയില്‍ തന്നെ ലോകം ഇത് കാണട്ടെ. നമ്മുടെ യഥാര്‍ത്ഥ കഥ അവരറിയട്ടെ. ലോകസിനിമകള്‍ സബ്‌ടൈറ്റില്‍ നോക്കി നമ്മള്‍ കഷ്ടപ്പെട്ട് കാണാറുണ്ടല്ലോ. ഇനി ലോകം മലയാളം കേട്ട് അവരുടെ ഭാഷയില്‍ സബ്‌ടൈറ്റില്‍ വായിച്ച് നമ്മുടെ സിനിമകളുടെ മിടുക്കും മേന്മയും അടുത്തറിയട്ടെ. തീര്‍ച്ചയായും ഈ സിനിമ ലോകതിര്‍ത്തികള്‍ ഭേദിക്കും. ഇന്ത്യന്‍ സിനിമയുടെ തിലകമായി ഇത് തിളങ്ങും. (മലയാളം പറയാനറിയാത്ത നടീനടന്മാരെ വെച്ച് കേരളത്തിന്റെ കഥ പറഞ്ഞാല്‍ അവസാനം അവര്‍ മലയാളം പറയുന്ന സീനൊക്കെ വെറുതെ ചിരിക്കാനുള്ള വകയായിത്തീരും. അതിപ്പോ നമ്മള്‍ കണ്ടതാണല്ലോ.) എന്തായാലും ജൂഡേ, ഇതൊരു അപാരസംഭവം തന്നെ; നിങ്ങളൊരു അപാര കലാകാരനും. ജൂഡ്, നമ്മള്‍ തമ്മിലൊന്ന് വൈകാതെ കാണണം.
ചിത്രത്തിലെ കാസ്റ്റിങ് എത്ര കൃത്യമാണ്. എല്ലാവരും അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കൂട്ടത്തില്‍ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ടോവിനോ അതിശയിപ്പിച്ചിരിക്കുന്നു. ടോവിനോ നല്ലൊരു നടനാണെന്ന് നേരത്തേ തെളിയിച്ചതാണ്. പക്ഷെ, ടോവിനോയും പ്രേക്ഷകരും നിരൂപകരും വിമര്‍ശകരുമൊക്കെ ടോവിനോക്ക് കല്‍പ്പിച്ചു നല്‍കിയ അതിര്‍ത്തികളെ കൂടി പുനര്‍നിര്‍മ്മിക്കുകയാണ് ‘അനൂപ്’ എന്ന ടോവിനോയുടെ കഥാപാത്രം. ടോവിനോ ചെയ്ത കഥാപാത്രങ്ങളില്‍ മയാനദിയിലെ മാത്തനെക്കാളും മിന്നല്‍ മുരളിയിലെ ജെയ്സനെക്കാളും എനിക്ക് പ്രിയപ്പെട്ടതാകുന്നത് ഇപ്പോള്‍ അനൂപ് ആണ്. തുടക്കത്തില്‍ സേനയില്‍ നിന്നുള്ള വെരിഫിക്കേഷന്‍ പ്രോസസ് പേടിച്ച് പോലീസ് സ്റ്റേഷനില്‍ അക്ഷമനായി, പരിഭ്രമിച്ചിരിക്കുന്ന, തന്റെ ഗ്രാമത്തിന്റെ നന്മകളില്‍ വിശ്വസിക്കുന്ന, ഇന്ദ്രന്‍സ് അവതരിപ്പിച്ച ഭാസി എന്ന കഥാപാത്രത്തിന്റെ കണ്ണും കാഴ്ചയുമാവുന്ന, നാട്ടുകാര്‍ക്കെല്ലാം സഹായിയായ, മഞ്ജു ടീച്ചറെ അതിമനോഹരമായി പ്രണയിക്കുന്ന അനൂപ് ഒടുവില്‍ മനസ്സില്‍ നിന്നിറങ്ങിപോകാന്‍ കൂട്ടാക്കാത്ത, ഉള്ളിലെവിടെയോ മുങ്ങിത്താഴ്ന്നു കിടക്കുന്ന ഒരു വെരുത്തമായി അവശേഷിക്കുന്നു.
കുഞ്ചാക്കോ ബോബനും, ആസിഫ് അലിയും, വിനീത് ശ്രീനിവാസനും, ലാലും, നരെയ്നും, സുധീഷും തുടങ്ങി മുഴുവന്‍ താരങ്ങളും മനസ്സില്‍ പതിഞ്ഞു പോവുന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഓരോ നടന്മാരെയും കാണിക്കുമ്പോള്‍ തിയ്യേറ്ററില്‍ നിറഞ്ഞ കയ്യടിയുണ്ടായിരുന്നു. നരെയ്‌ന് ഇത്രയധികം ആരാധകരുണ്ടെന്ന് എനിക്ക് മനസ്സിലായത് ഇപ്പോഴാണ്. ലാലും നരെയ്‌നും കോളും കാറ്റും നിറഞ്ഞ കടല്‍ത്തിരകളെ ഭേദിച്ചു വരുന്ന ആ കാഴ്ചക്കും എയര്‍ഫോഴ്‌സ് ഓഫിസര്‍ ടോവിനോക്ക് സല്യൂട്ട് ചെയ്യുന്ന സീനിനും ലഭിച്ച കൈയ്യടി കാതടിപ്പിക്കുന്ന ആരവമായിത്തീര്‍ന്നു. നരെയ്ന്റെ ഭാര്യയായി വന്ന നിലീന്‍ സാന്ദ്രയുടെ മത്സ്യത്തൊഴിലാളി ജീവിതങ്ങളെ നിര്‍വ്വചിക്കുന്ന ഡയലോഗ് മല്‍സ്യത്തൊഴിലാളിയുടെ മകനായി ജനിച്ചു വളര്‍ന്ന എനിക്ക് നല്‍കിയ അഭിമാനബോധം വളരെ വലുതായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന ബോട്ടുകള്‍ ഉയര്‍ത്തി നടന്നുവരുന്ന രംഗം കാണുമ്പോള്‍ ഉള്ളം നിറഞ്ഞും കണ്ണൊഴുകിയും ഞാനും ആര്‍പ്പുവിളിക്കുകയായിരുന്നു. ജീവന്‍ പണയം വെച്ച് കടലിന്റെ കലഹങ്ങളിലേക്ക് നൗകയുന്തുന്ന മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ ദുരിതങ്ങളും അവശതകളും മറന്നിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് തുനിഞ്ഞിറങ്ങുന്നത്. മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശമായി ഈ രംഗങ്ങള്‍ മാറുന്നു.
സംവിധാനത്തിന് പുറമെ സിനിമാട്ടോഗ്രഫിയും എഡിറ്റിങ്ങും സംഗീതവും പശ്ചാത്തല സംഗീതവും കലാസംവിധാനവും എന്നിങ്ങനെ എല്ലാ മേഖലകളിലും മികവ് തന്നെയാണ്. പ്രളയം വിഎഫ്എക്സിലല്ല, ശരിക്കും നിര്‍മ്മിച്ച കൂറ്റന്‍ സെറ്റില്‍ ഉണ്ടാക്കിയെടുത്തതാണ് എന്നറിയുമ്പോള്‍ 2018 എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആര്‍ട് ഡയറക്ടറും ആ ഡിപാര്‍ട്ട്‌മെന്റും കാണിച്ച അര്‍പ്പണബോധം നമ്മെ അതിശയിപ്പിക്കും. 2018ലെ പ്രളയകാലത്ത് എല്ലാവരും ഹീറോ ആയിരുന്നു എന്നാണ് സിനിമ പറയുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അത് അടിവരയിടുന്നു. വര്‍ഗ്ഗീസിന്റെ (സുധീഷ് അവതരിപ്പിച്ച കഥാപാത്രം) കുടുംബത്തെ രക്ഷപ്പെടുത്താന്‍ കരണമാകുന്നത് ഒരു പല്ലിയാണ്.
Read more
അങ്ങനെ ആ ജീവിയും ഈ അതിജീവന കഥയില്‍ ഒരു ഹീറോയാണ്. എന്തിന് പ്രളയം പോലും ഒരുവേള ഹീറോ ആയി മാറുന്ന രംഗമുണ്ട് ചിത്രത്തില്‍. പെരിയാറിന്റെ മലിനമാക്കുന്ന ഫാക്ടറിയെ കൂടി പൊളിച്ചുടച്ചാണ് പ്രളയപ്പെയ്ത്ത് പടിഞ്ഞാറോട്ട് ഒഴുകുന്നത്. മഴയും പ്രളയവും വെള്ളവും ഡാമും ജലനിരപ്പും ഭയവും സന്തോഷവും സമ്പത്തും അഭിമാനവും ജീവിതവും മരണവും വരെ ഓരോ കാഴ്ച്ചയിലും സാഹചര്യത്തിലും ഭിന്നമാകുന്ന അനുഭവമാണ് ഈ ചിത്രത്തിന്റെ തത്വശാസ്ത്രം. ലോകം മുഴുവന്‍ 2018- #TheRealKeralaStory കാണും. വെറുപ്പിന്റെ പെരുംചന്തകളില്‍ നിര്‍മ്മിക്കുന്ന കല്ലുവെച്ച നുണകളുടെ, പ്രോപഗണ്ടകളുടെ ആയുസ്സ് സ്‌നേഹത്തിന്റെ പെട്ടിക്കടയില്‍ കാച്ചുന്ന നല്ല സിനിമകളാല്‍ തീര്‍ന്നുപോകും. അത്രതന്നെ