പദ്മാവത് പോലെ വിവാദത്തിലായ 10 മികച്ച ബോളിവുഡ് ചിത്രങ്ങള്‍

 

സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തിലൊരുങ്ങിയ പദ്മാവത് എന്ന ചലച്ചിത്രത്തിന് വലിയ പ്രതിഷേധമാണ് നേരിടേണ്ടി വരുന്നത്. ചിത്രത്തില്‍ റാണിപദ്മാവതിയെയും രജപുത്രരെയും അപമാനിക്കുന്ന രംഗങ്ങളുണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് ചിത്രീകരണ സമയം മുതല്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ റിലീസ് വരെയെത്തി നില്‍ക്കുകയാണ്. എന്നാല്‍ ഈയവസ്ഥയെ തരണം ചെയ്യുന്ന ആദ്യത്തെ ചിത്രമൊന്നുമല്ല പദ്മാവതി. മുന്‍പും സിനിമകള്‍ വിലക്കുകളും പ്രതിഷേധങ്ങളും നേരിട്ടിട്ടുണ്ട്. അങ്ങനെ വിവാദങ്ങളിലൂടെ ചരിത്രത്തിലിടം പിടിച്ച 10 മികച്ച ബോളിവുഡ് സിനിമകള്‍ പരിചയപ്പെടാം.

ബാജിറാവു മസ്താനി

പദ്മാവതിന്റെ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിയുടെ തന്നെ മറ്റൊരു വിവാദചിത്രമാണ് ബാജിറാവു മസ്താനി. രണ്‍വീര്‍ സിംഗ് മറാത്ത പേഷ്വ(ഇന്നത്തെ പ്രധാനമന്ത്രിയുടെ പദവി) യായിരുന്ന ബാജിറാവുവിനെ അവതരിപ്പിച്ച ചിത്രത്തില്‍ കാമുകിയായ മസ്താനിയെ അവതരിപ്പിച്ചത് ദീപിക പദുകോണാണ്. ചിത്രത്തിലെ പിംഗ എന്ന ഗാനമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് മറാത്തി സംസ്‌കാരത്തെ അപമാനിയ്ക്കുന്ന തരത്തിലാണ് ഗാനരംഗം ചിത്രീകരിച്ചിട്ടുള്ളതെന്നായിരുന്നു ആരോപണം. ബാജിറാവുവിന്റെ ഭാര്യമാരായിരുന്ന മസ്താനിയും കാഷിബിയും തമ്മില്‍ കണ്ടുമുട്ടുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട് . യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ ഒരിക്കല്‍ മാത്രമാണ് കണ്ടുമുട്ടുന്നത് തുടങ്ങിയ ബാലിശമായ വാദങ്ങളായിരുന്നു ഈ ചിത്രത്തിനെതിരെ ഉയര്‍ന്നുവന്നത്.

യെ ദില്‍ ഹെ മുശ്കില്‍


കരണ്‍ ജോഹ്ര്‍ സംവിധാനം ചെയ്ത ഈ ചിത്രം വിവാദത്തിലിടം പിടിച്ചത് ഫവദ് ഖാന്‍ എന്ന പാകിസ്ഥാനി നടന്റെ സാന്നിദ്ധ്യം മൂലമാണ് . 2016 സെപ്റ്റംബറില്‍ നടന്ന ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. രണ്‍വീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ്മ, ഐശ്വര്യ റായി തുടങ്ങിയ മുന്‍നിരതാരങ്ങള്‍ ഉണ്ടായിരുന്നിട്ടും പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ കത്തിയ്ക്കുമെന്നു വരെ ഭീഷണി വന്നു. അവസാനം ഫവദ് ഖാന്റെ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കരണ്‍ ജോഹര്‍ നിര്‍ബന്ധിതനായി.

ജോധ അക്ബര്‍


അശുതോഷ് ഗൗരിക്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യയുടെ മുഗള്‍ ഭരണകാലഘട്ടത്തെയും മുഗള്‍ ഭരണാധികാരിയായ അക്ബറിന് രജപുത്ര രാജകുമാരിയായിരുന്ന ജോധയോടുണ്ടായിരുന്ന പ്രണയത്തിനെയും കുറിച്ചുള്ളതായിരുന്നു. എന്നാല്‍ ചരിത്രം വളച്ചൊടിക്കുകയാണെന്നാരോപിച്ച് രജപുത് കര്‍ണ്ണിസേന രംഗത്തെത്തി.

മൈ നെയിം ഈസ് ഖാന്‍


ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട ചിത്രമാണ് ഷാരൂഖ് ഖാനെ നായകനാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് ഖാന്‍. വേള്‍ഡ് ട്രേഡ് സെന്‌റര്‍ ഭീകരാക്രമണത്തിനു ശേഷം അമേരിക്കയില്‍ ഒരു മുസ്ലിം വംശജന്റെ ജീവിതമെന്തായിരിക്കും എന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം, എന്നാല്‍ ചിത്രത്തില്‍ ഭീകരത പ്രോത്സാഹിക്കപ്പെടുന്നു എന്നാരോപിച്ച് ശിവസേന രംഗത്തെത്തി. ഷാരൂഖിനു നേരെ വ്യക്തിപരമായ അധിഷേപങ്ങളുമുണ്ടായി.

ഗോലിയാന്‍ കി രാസലീല ;രാം-ലീല


രാം എന്ന പേരിനെചൊല്ലിയാണ് ഈ ചിത്രം വിവാദത്തിലകപ്പെട്ടത്. സംവിധായകനായിരുന്ന സഞ്ജയ് ലീല ബന്‍സാലിയക്കും നായികനായകന്മാര്‍ക്കുമെതിരെ എഫ്‌ഐആര്‍ വരെ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. രണ്‍വീര്‍ സിംഗും ദീപിക പദുകോണുമാണ് ഈ സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മദ്രാസ് കഫെ


തമിഴ് വംശജരെ അപമാനിച്ചുവെന്ന ആരോപണം നേരിട്ട ചിത്രമാണ് മദ്രാസ് കഫെ. ചിത്രത്തില്‍ തമിഴരെ ഭീകരവാദികളായി ചിത്രീകരിക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ജോണ്‍ ഏബ്രഹാമും നര്‍ഗീസ് ഫക്രിയുമാണ് പ്രധാനവേഷങ്ങളിലെത്തിയത്്.

ഉഡ്ത പഞ്ചാബ്

അഭിഷേക്ചൗബോയ് സംവിധാനം ചെയ്ത ഉഡ്ത പഞ്ചാബിലെ ചില രംഗങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. പഞ്ചാബ് മുഴുവന്‍ മയക്കുമരുന്നുപയോഗത്തിന്റെ പിടിയിലാണെന്ന സന്ദേശം ചിത്രത്തിലുണ്ടെന്ന ആരോപണമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഷാഹിദ് കപൂര്‍, കരീന എന്നിവരാണ് പ്രധാനവേഷങ്ങളെ അവതരിപ്പിച്ചത്.

റംഗ് ദേ ബസന്തി


ഇന്ത്യന്‍ എയര്‍ ഫോഴ്‌സും യൂണിയന്‍ ഹോം മിനിസ്ട്രിയെയും തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ ചിത്രത്തിലവതരിപ്പിച്ചു എന്ന കാരണത്താലാണ് രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത റംഗ് ദേ ബസന്തി വിവാദത്തിലകപ്പെട്ടത്. അവസാനം ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യേണ്ടതായി വന്നു.

പികെ

ആമിര്‍ഖാന്‍ നായകനായെത്തിയ പികെയ്്‌ക്കെതിരെ രംഗത്തെത്തിയത് മതസംഘടനകളാണ്. അവരുടെ പ്രധാന ആരോപണങ്ങള്‍. അന്യഗൃഹജീവികളില്ല എന്നതും പോസ്റ്ററില്‍ ആമിര്‍ഖാന്‍ നഗ്നത പ്രദര്‍ശിപ്പിച്ചു എന്നതുമായിരുന്നു.

ദ ഡേര്‍ട്ടി പിക്ച്ചര്‍


തെന്നിന്ത്യന്‍ മാദകറാണിയായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തുവന്ന സിനിമയാണ് ഡേര്‍ട്ടി പിക്ച്ചര്‍. ചിത്രത്തിന്റെ പോസ്റ്റര്‍ അശ്ലീലമാണെന്ന ആരോപണത്തെതുടര്‍ന്നാണ് ഈ സിനിമ വിവാദങ്ങളിലേയ്ക്ക് നീങ്ങിയത്.