മലയാള സിനിമ 2017: ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററുകള്‍

മലയാളി പ്രേക്ഷകർക്ക് ഒട്ടേറെ പ്രതീക്ഷകൾ നൽകി ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച വർഷമാണ് 2017. ഒരുപാട് ബിഗ് ബജറ്റ് ചിത്രങ്ങളും ഈ വർഷം കടന്നുപോയി, എന്നാൽ അതിൽ എത്ര സിനിമകൾ കാര്യമായ നേട്ടം കൈവരിച്ചു എന്നുള്ളത് ശ്രദ്ധേയമാണ്. 2017 ലെ മികച്ച ബോക്സ് ഓഫീസ് കളക്‌ഷൻ നേടിയ പത്ത് ചിത്രങ്ങൾ ഇവയാണ്.

1. ദി ഗ്രേറ്റ് ഫാദർ

മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത 2017 ഒരു നല്ല ത്രില്ലർ സിനിമ എന്ന് പറയുന്നതിൽ സംശയമില്ല. 53 കോടി രൂപയാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. ഓഗസ്റ്റ് സിനിമാസിന്റെ ബാന്നറിൽ നടൻ പൃഥ്വിരാജ് സുകുമാരൻ, സന്തോഷ് ശിവൻ, ആര്യ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ആറ് കോടി രൂപ ചിലവിൽ നിർമിച്ച പടമാണ് മികച്ച കളക്ഷൻ നേടി ജനശ്രദ്ധയാകർഷിച്ചത്.

2. എസ്രാ

ജയ് കെ.യുടെ സംവിധാനത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് എസ്ര. 41 കോടി രൂപ കളക്ഷനുമായി മികച്ച നേട്ടം കൈവരിച്ച 2017 ലെ പൃഥ്വിരാജിന്റെ ഏക സിനിമ കൂടിയാണ് എസ്ര. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ചിത്രത്തിൽ പ്രിയ ആനന്ദ് നായികാ വേഷത്തിലെത്തുന്നു. എസ്ര ഒരു ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചലച്ചിത്രമാണ്. ഫോർട്ട് കൊച്ചിയിലും ശ്രീലങ്കയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

3. മുതിരിവള്ളികൾ തളിർക്കുമ്പോൾ

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. കുടുംബ പ്രേക്ഷകരുടെ കൈയടി നേടിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സോഫിയ പോൾ ആണ്. 51 കോടി രൂപ കളക്ഷൻ നേടിയാണ് ചിത്രം ബോക്സ് ഓഫീസിൽ ഇടംനേടിയത്.
വി.ജെ.ജെയിംസിന്റെ “പ്രണയോപനിഷത്ത്” എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് സിനിമ. ഏറെകാലത്തിന് ശേഷം മീന വെള്ളിത്തിരയിലേക്ക് ഒരു തിരിച്ചു വരവ് നടത്തിയതും ഈ ചിത്രത്തിലൂടെയാണ്. അനൂപ് മേനോൻ, അലൻസയർ ലേ ലോപസ്, നേഹ സക്സെന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

4. രാമലീല

ഏറെ വിവാദങ്ങൾക്കും സങ്കീർണതകൾക്കും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് രാമലീല. നവാഗതനായ അരുൺഗോപി സംവിധാനം ചെയ്ത ഒരു രാഷ്ട്രീയ ഗൂഢാലോചന ത്രില്ലർ സിനിമയാണ് രാമലീല.
നടൻ ദിലീപിന്റെ അറസ്റ്റിന് ശേഷം ആദ്യം പുറത്തിറങ്ങുന്ന ദിലീപ് നായകനായ ചിത്രം എന്ന ആശങ്കയും ചിത്രത്തെ വിജയത്തിലെത്തിച്ചു. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിചൻ മുളകുപ്പാടം ആണു സിനിമ നിർമ്മിച്ചത്. സമീപകാലത്ത് മലയാള സിനിമ മേഖലയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും വിതരണം മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത സിനിമയാണു രാമലീല. 40 കോടി രൂപയാണ് രാമലീല കളക്ഷൻ നേടിയത്.

5. ജോമോന്റെ സുവിശേഷങ്ങൾ

ഒരു ഹ്രസ്വ ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ. വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷിന്റെ കഥാപാത്രം സിനിമയിൽ ശ്രദ്ധേയമാണ്.സേതു മണ്ണാർക്കാട് നിർമിച്ച ചിത്രത്തിൽ ദുൽഖർ സൽമാൻ, മുകേഷ്, അനുപമ പരമേശ്വരൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

6. സിഐഎ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രമാണ് സിഐഎ. 27.5 കോടി രൂപ ബോക്‌സ്ഓഫീസില്‍ നേടിയ ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമായിരുന്നെങ്കിലും ദുല്‍ഖര്‍ ചിത്രം എന്ന നിലയ്ക്ക് സിഐഎയ്ക്ക് ലഭിച്ച ഇനീഷ്യല്‍ കളക്ഷനാണ് ചിത്രത്തെ തുണച്ചത്. പ്രണയിനിയെ തേടി അമേരിക്കയിലേക്ക് സാഹസിക യാത്ര നടത്തുന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞ ചിത്രം അമേരിക്കയിലേക്കുള്ള കുടിയേറ്റ പ്രശ്‌നത്തെയും ചെറിയ തോതില്‍ അഡ്രസ് ചെയ്യുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, കാര്‍ത്തികാ മുരളീധരന്‍, ചാന്ദിനി, സിദ്ധിഖ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന താരങ്ങള്‍.

7. പറവ

സൗബിന്‍ സാഹിര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പറവ. സൗബിന്റെ ആദ്യ സംവിധാന സംരംഭം തന്നെ മികച്ച കളക്ഷന്‍ നേടുകയും നിരൂപക പ്രശംസയും പ്രേക്ഷക കീര്‍ത്തിയും നേടി. ദുല്‍ഖര്‍ സല്‍മാന്‍, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ വ്യത്യസ്തമായ ലുക്കിലും റോളിലും സൗബിന്‍ സാഹിറും ശ്രീനാഥ് ഭാസിയും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രാവ് വളര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ ഫോര്‍ട്ടു കൊച്ചിയുടെ കഥയാണ് സിനിമ പറഞ്ഞത്. തിയേറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രം 25 കോടി രൂപ തിയേറ്ററുകളില്‍നിന്ന് നേടി.

8. വെളിപാടിന്റെ പുസ്തകം

മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത് മലയാള ചലച്ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തിലെ “ജിമിക്കി കമ്മൽ” എന്ന ഗാനം ലോകശ്രദ്ധയാകർഷിച്ച ഒന്നാണ്. ഇതിലൂടെ ചിത്രവും ശ്രദ്ധേയമായി. ചിത്രത്തിൽ അനൂപ് മേനോൻ, അന്ന രേഷ്മ രാജൻ, ശരത് കുമാർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന വെളിപാടിന്റെ പുസ്തകം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. 25.3 കോടി രൂപ കളക്ഷൻ നേടിയാണ് വെളിപാടിന്റെ പുസ്തകം ബോക്സ് ഓഫീസിൽ ഇടം നേടിയത്.

9. ടേക്ക് ഓഫ്

പ്രശസ്ത ഛായാഗ്രാഹകൻ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് ടേക്ക് ഓഫ് എന്ന സിനിമ. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് നേടിയത്. ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറയുന്ന ഈ ചലച്ചിത്രത്തിൽ പാർവ്വതി മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷെബിൻ ബേക്കർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ടേക്ക് ഓഫിൽ ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി ഏറെ പ്രശംസ നേടുകയും ഗോവ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. 27 കോടി രൂപ കളക്ഷൻ നേടിയാണ് ചിത്രം ബോക്സ് ഓഫീസ് ഇടം നേടിയത്.

(ഈ തെരഞ്ഞെടുപ്പിന് ആധാരം സിനിമയുടെ നിലവാരമല്ല)