'ദൈവപുത്രന്‍ തെറ്റ് ചെയ്തു'.. എമ്പുരാനിലെ വില്ലന്‍ ജതിന്‍ രാംദാസ്! ചര്‍ച്ചയായി ടൊവിനോയുടെ കഥാപാത്രം

‘എന്റെ മക്കളല്ല എന്റെ പിന്തുടര്‍ച്ചക്കാര്‍. എന്നെ പിന്തുടരുന്നവര്‍ ആരാണോ അവരാണ് എന്റെ മക്കള്‍’, പികെ രാംദാസിന്റെ ഈ വാക്കുകളോടെയാണ് ‘എമ്പുരാന്‍’ സിനിമയുടെ ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ലൂസിഫറിലെ ഫ്‌ളാഷ്ബാക്ക് രംഗങ്ങള്‍ അടക്കം എമ്പുരാനില്‍ എത്തുന്നുണ്ട് എന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. സിനിമയിലെത്തുന്ന മിക്ക കഥാപാത്രങ്ങളും ട്രെയ്‌ലറില്‍ വന്നു പോകുന്നുണ്ടെങ്കിലും പിന്നില്‍ ചുവന്ന ഡ്രാഗണിന്റെ ചിഹ്നമുള്ള കഥാപാത്രം ആരാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.

ഈ കഥാപാത്രമാണ് സിനിമയിലെ മെയിന്‍ വില്ലന്‍ എന്ന ചര്‍ച്ചകള്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍ ട്രെയ്‌ലര്‍ എത്തിയതോടെ ടൊവിനോ അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് ആണ് വില്ലന്‍ എന്ന ചര്‍ച്ചകളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ‘ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെ അല്ലാതെ വേറെ ആരെയാ ആശ്രയിക്കുക’ എന്ന് ട്രെയ്‌റില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്.

Empuraan | Tovino character poster : r/InsideMollywood

നേരത്തെ ലൂസിഫറില്‍ സ്റ്റീഫന്‍ ‘ദൈവപുത്രന്‍’ എന്ന് വിശേഷിപ്പിക്കുന്നത് ടൊവിനോയെ ആയിരുന്നു. ഇതാണ് ഇപ്പോള്‍ ടൊവിനോ ആണോ വില്ലന്‍ എന്ന ചര്‍ച്ചയിലേക്ക് എത്തിച്ചിരിക്കുന്നത്. ‘മനുഷ്യ ജീവന് മുകളില്‍ ഒരു രക്ത ബന്ധത്തിലും വിലയുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന്’ പ്രിയദര്‍ശിനി രാദാസ് പറയുന്നത് ചര്‍ച്ചകളില്‍ നിറഞ്ഞതോടെ വില്ലന്‍ ടൊവിനോയാകും എന്നാണ് സോഷ്യല്‍ മീഡിയ ഉറപ്പിച്ചിരിക്കുന്നത്.

‘പി.കെ രാംദാസ് ബാക്കി വച്ചിട്ടു പോയ യുദ്ധത്തില്‍ ഈ പാര്‍ട്ടിയേയും ഈ സംസ്ഥാനത്തേയും നിരന്തരം തളര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നത് മുന്നില്‍ നിന്നു പൊരുതിയ ശത്രുക്കള്‍ ആയിരുന്നില്ല’ എന്ന് ജതിന്‍ ട്രെയ്‌ലറില്‍ പറയുന്നുണ്ട്. പികെ രാംദാസിന്റെ മരണശേഷം പാര്‍ട്ടിയില്‍ ഉണ്ടായ ചേരിതിരിവുകളെ അഭിസംബോധന ചെയ്യുന്ന ജതിന്‍ രാംദാസിന് ചുവട് പിഴയ്ക്കുന്നുണ്ടോ എന്ന സംശയം ഉയര്‍ത്തുന്ന സീനുകളും ട്രെയ്‌ലറിലുണ്ട്.

അതേസമയം, ബ്രഹ്‌മാണ്ഡ കാഴ്ചകളിലേക്കാണ് എമ്പുരാന്‍ പ്രേക്ഷകരെ എത്തിക്കുക എന്നത് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. 3.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ സ്റ്റീഫനായും അബ്രാം ഖുറേഷിയായും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മാസ് അപ്പിയറന്‍സില്‍ എത്തുന്ന മോഹന്‍ലാലിന്റെ ഓരോ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

Read more