പോർച്ചുഗലിൽ വെച്ച് നടന്ന നാല്പത്തിനാലാമത് പോർട്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാര നേട്ടവുമായി ടൊവിനോ തോമസ്. ഡോ. ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.
മേളയുടെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. ചൈന, ജപ്പാൻ, ഇറ്റലി, അർജന്റീന, കാനഡ, യു കെ, ഫ്രാൻസ്, യു എസ് എ, ഹംഗറി, ഫിലിപ്പൈൻസ്, സ്‌പെയിൻ, എസ്റ്റോണിയ, ഓസ്ട്രിയ തുടങ്ങീ മുപ്പത്തിരണ്ട് രാജ്യങ്ങളിൽ നിന്നുള്ള 90 സിനിമകളാണ് മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്.
2023 നവംബറിൽ എസ്റ്റോണിയയിലെ താലിൻ ബ്ളാക്ക് നൈറ്റ്സ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ വേൾഡ് പ്രീമിയർ നടത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടിയത്.
2019 ൽ ഡോ. ബിജുവിന്റെ ‘പെയിന്റിങ് ലൈഫ്’ എന്ന ചിത്രം പോർട്ടോ ഫിലിം ഫെസ്റ്റിവലിൽ ഡയറക്ടേഴ്സ് വീക്ക് വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ക്രിട്ടിക്സ് അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.