'ലാലേട്ടന്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഓര്‍മ്മയിലുണ്ടായിരുന്നത്, കാണണമെന്ന ആഗ്രഹം പറഞ്ഞിരുന്നു, പക്ഷെ..'

ഓര്‍മ്മ നഷ്ടപ്പെട്ട നിലയില്‍ ഗാന്ധിഭവനില്‍ കഴിഞ്ഞിരുന്ന ടിപി മാധവന് ആകെ ഓര്‍മ്മ ഉണ്ടായിരുന്ന ആള്‍ നടന്‍ മോഹന്‍ലാല്‍ മാത്രമാണ്. ‘എനിക്ക് മോഹന്‍ലാലിനെ കാണണം, ലാല്‍ തന്നെ കാണാന്‍ ഗാന്ധിഭവനില്‍ വരണം’ എന്നായിരുന്നു ടിപി മാധവന്റെ ആഗ്രഹം. ഈ വിഷയത്തില്‍ മുമ്പ് ‘അമ്മ’ ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു പ്രതികരിച്ചിരുന്നു.

”ഓര്‍മ്മ നഷ്ടപ്പെട്ട നിലയിലാണ് നിലവില്‍ അദ്ദേഹം. ഗാന്ധിഭവനില്‍ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന് നല്‍കുന്നുണ്ട്. ഇടയ്ക്ക് വിളിച്ച് അന്വേഷിക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹം പറയുന്നത് മനസിലാകാന്‍ ബുദ്ധിമുട്ടാണ്. ഗണേഷ് കുമാര്‍ എല്ലാ കാര്യങ്ങളും അവിടെ ചെയ്യാറുണ്ട്.”

”ആ ഭാഗത്ത് കൂടി പോകുന്ന സിനിമ പ്രവര്‍ത്തകരും ഗാന്ധി ഭവന്‍ സന്ദര്‍ശിക്കാറുണ്ട്. പക്ഷെ കുറച്ചു പേരെ അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ഉള്ളു. അദ്ദേഹത്തിന്റെ മനസിലുള്ള ആള്‍ ലാലേട്ടാനാണ്. മാധവന്‍ ചേട്ടനെ കാണാന്‍ ഒരിക്കല്‍ ലാലേട്ടനുമായി ആശുപത്രിയില്‍ പോയതാണ്” എന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്.

തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടിപി മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിക്കുകയായിരുന്നു.

Read more